അവധി ദിവസമായ ഇന്ന് 911 ഗ്രാമപഞ്ചായത്തുകളിലും പഞ്ചായത്ത്‌ ഡയറക്ടറേറ്റിലുമായി 15778 ഫയലുകൾ തീർപ്പാക്കി

അവധി ദിനമായ ഇന്നും സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിച്ചതായി തദ്ദേശ സ്വയം ഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. 911 ഗ്രാമപഞ്ചായത്തുകളിലും പഞ്ചായത്ത്‌ ഡയറക്ടറേറ്റിലുമായി 15778 ഫയലുകൾ തീർപ്പാക്കി. ഗ്രാമ പഞ്ചായത്തുകളിൽ 15471ഉം ഡയറക്ടറേറ്റിൽ 307ഉം ഫയലുകളാണ്‌ തീർപ്പാക്കിയത്‌. നഗരസഭകളും ഇന്ന് തുറന്ന് പ്രവർത്തിച്ചു. അവധി ദിനവും ജോലിക്കെത്തി ഫയൽ തീർപ്പാക്കലിൽ പങ്കാളികളായ മുഴുവൻ ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു.

സെപ്റ്റംബർ 18 ഞായറാഴ്ചയും ജീവനക്കാർ ജോലിക്കെത്തും. അവധി ദിനമായ ജൂലൈ മൂന്നിന് ജോലിക്കെത്തി 34,995 ഫയലുകള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ തീര്‍പ്പാക്കിയിരുന്നു.
ജീവനക്കാർക്കൊപ്പം തദ്ദേശ സ്വയം ഭരണ എക്സൈസ്‌ വകുപ്പ് മന്ത്രിയും തദ്ദേശ സ്വയം ഭരണ വകുപ്പ് തലവൻമാരും ഇന്ന് പ്രവൃത്തി ദിനമാക്കിയിയിരുന്നു. വികേന്ദ്രീകൃതാസൂത്രണ കോർഡിനേഷൻ കമ്മിറ്റി യോഗം ഞായറാഴ്ച ചേർന്നു.

മന്ത്രി എം.വി.ഗോവിന്ദൻമാസ്റ്ററുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഷർമിള മേരി ജോസഫ്, പ്ലാനിംഗ് ബോർഡംഗം ഡോ.ജിജു.പി.അലക്സ്, കില ഡയറക്ടർ ഡോ.ജോയ് ഇളമൺ, വകുപ്പിലെ മറ്റ് ഐഎഎസ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് തലവന്മാർ, സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. രാവിലെ 10:15ന് ആരംഭിച്ച യോഗം ഉച്ചയ്ക്ക് 1:30നാണ് അവസാനിച്ചത്. യോഗം വിവിധ വിഷയങ്ങളിലായി 83 അജണ്ടകൾ പരിഗണിച്ച് തീരുമാനമെടുത്തിരുന്നു

മുഖ്യമന്ത്രിയുടെ നിർദ്ദേശവും മന്ത്രിസഭാ തീരുമാനവും അനുസരിച്ചാണ് സെപ്തംബറിനകം ഫയലുകൾ തീർപ്പാക്കാനുള്ള പ്രവർത്തനം ആസൂത്രണം ചെയ്തിട്ടുള്ളത്. ഫയൽ തീർപ്പാക്കലിനായി ആവശ്യമെങ്കിൽ അദാലത്തുകളും സംഘടിപ്പിക്കും. ജൂലൈ 31 നകം സേവനം നല്‍കേണ്ട ഫയലുകള്‍ തീര്‍പ്പാക്കാതെ ബാക്കിയുണ്ടെങ്കില്‍, അദാലത്തില്‍ ഉള്‍പ്പെടുത്തി സേവനം ഉറപ്പുവരുത്താനാകണം. ഇതിനായി വീണ്ടും അപേക്ഷ നല്‍കേണ്ടതില്ല.

എല്ലാ ഓഫീസിലും ഫയല്‍ അദാലത്ത് സംഘാടനത്തിനായി നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ തീര്‍പ്പാക്കേണ്ട ഫയലുകള്‍ ആഗസ്റ്റ് 28നകം തീര്‍പ്പാക്കും. ജില്ലാ തലത്തില്‍ തീര്‍പ്പാക്കേണ്ട ഫയലുകള്‍ സെപ്റ്റംബര്‍ 5നകവും തദ്ദേശ സ്വയം ഭരണ ഡയറക്ടറേറ്റ് തലത്തില്‍ തീര്‍പ്പാക്കേണ്ട ഫയലുകള്‍ സെപ്റ്റംബര്‍ 20നകവുമാണ്‌ തീര്‍പ്പാക്കേണ്ടത്.

21-Aug-2022