കർഷക സംഘടനകളുടെ മഹാപഞ്ചായത്ത്; ഡൽഹിയിൽ 144 ഏര്‍പ്പെടുത്തി
അഡ്മിൻ
തൊഴിലില്ലായ്മയില്‍ പ്രതിഷേധിച്ച് സംയുക്ത കിസാന്‍ മോര്‍ച്ചയും (എസ്‌കെഎം) മറ്റ് കര്‍ഷക സംഘങ്ങളും തലസ്ഥാനത്ത് മഹാപഞ്ചായത്ത് സംഘടിപ്പിക്കുന്നു, ഇതിനെത്തുടര്‍ന്ന് ഡല്‍ഹി അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കി. ദേശീയ തലസ്ഥാനത്ത് സെക്ഷന്‍ 144 ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഡല്‍ഹിയിലേക്കുള്ള മൂന്ന് അതിര്‍ത്തി പ്രവേശന പോയിന്റുകളായ ഗാസിപൂര്‍, സിംഗ്, ടിക്രി എന്നിവിടങ്ങളില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കനത്ത പോലീസിന്റെയും സുരക്ഷാ സന്നാഹങ്ങളുടെയും നടുവിലാണ് കര്‍ഷകരുടെ പ്രതിഷേധം. ക്രമസമാധാന നില നിയന്ത്രണവിധേയമാക്കുന്നതിനായി ഡല്‍ഹി പോലീസ് വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും അതിര്‍ത്തി പ്രദേശങ്ങളില്‍ വന്‍തോതില്‍ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.
പ്രതിഷേധത്തിന് മുന്നോടിയായി, റാലിയില്‍ പങ്കെടുക്കാന്‍ ദേശീയ തലസ്ഥാനത്തേക്ക് കടക്കാന്‍ ശ്രമിച്ച കര്‍ഷക നേതാവ് രാകേഷ് ടികായത്തിനെ ഗാസിപൂര്‍ അതിര്‍ത്തിയില്‍ വച്ച് ഡല്‍ഹി പോലീസ് തടഞ്ഞുവച്ചു. സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുന്ന ഡല്‍ഹി പോലീസിന് കര്‍ഷകരുടെ ശബ്ദം അടിച്ചമര്‍ത്താനാകില്ലെന്ന് ടിക്കായത്ത് പ്രതികരിച്ചു.
കിസാന്‍ മഹാപഞ്ചായത്ത് ന്യൂഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ രാവിലെ 10 മണിക്ക് ആരംഭിക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 4000-5000 പേരുടെ ഒത്തുചേരലാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇത്ര വലിയ ജന സഞ്ചയത്തിന് ജന്തര്‍ മന്തറില്‍ പ്രതിഷേധ റാലി നടത്താന്‍ ഡല്‍ഹി പോലീസ് അനുമതി നിഷേധിച്ചിരുന്നു.