നേട്ടങ്ങളെ കാണാനും, അംഗീകരിക്കാനും ഗവർണർക്ക് സാധിക്കുന്നില്ല എന്നത് ദൗർഭാഗ്യകരമാണ്: തോമസ് ഐസക്
അഡ്മിൻ
ഗവർണർ പദവി എന്നും വിവാദമായിട്ടുണ്ട്. പക്ഷേ, ഇന്നത്തേതുപോലെ ഒരു സ്ഥിതിവിശേഷം കേരളത്തിൽ മുമ്പ് ഉണ്ടായിട്ടില്ല എന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക് . കേരള സർക്കാർ അനുനയിപ്പിക്കുന്നതിന് എത്ര ശ്രമിച്ചാലും വഴങ്ങില്ലായെന്ന ശാഠ്യത്തിലാണ് കേരള ഗവർണർ ആരിഫ് ഖാൻ. അത് ഇപ്പോൾ ഗവർണർ പദവിയുടെ മാന്യത വിട്ട് ഒരു വൈസ് ചാൻസലറെ ക്രിമിനലെന്നും മറ്റും വിളിക്കുന്നതിലേക്ക് എത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഗവർണർ മനസിലാക്കേണ്ടുന്ന ഒരു വസ്തുതയുണ്ട്. വളരെ ആദരണീയനായ ഒരു ചരിത്ര പണ്ഡിതനാണ് പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ. ബിജെപിയുടെ കീഴിൽ എല്ലാ അക്കാദമിക് മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തി എല്ലാ അക്കാദമിക് വേദികളിലും ആർഎസ്എസ് ശിങ്കിടികളെ നിയമിക്കുന്നതിനുള്ള നീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ജവഹർലാൽ നെഹ്റു സർവ്വകലാശാല അടക്കമുള്ള കേന്ദ്ര സർവ്വകലാശാലകളിലെ സംഭവവികാസങ്ങൾ ആരുടെയും കണ്ണു തുറപ്പിക്കേണ്ടതാണ്. കേരളത്തിലെ സർവ്വകലാശാലകളെ ഗവർണറെ ഉപയോഗപ്പെടുത്തി അതുപോലെ അധപതിപ്പിക്കുവാൻ അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഉന്നത വിദ്യാഭ്യാസ രംഗത്തെ ഗുണപരമായ മാറ്റങ്ങൾ ഉൾക്കൊള്ളാൻ ഗവർണർക്കുള്ള വിഷമം മനസ്സിലാക്കാവുന്നതേയുള്ളൂ. എൻ.ഐ.ആർ.എഫ് റാങ്കിങ്ങിലും, NAAC അക്രഡിറ്റേഷനിലും കേരളത്തിലെ സർവ്വകലാശാലകളും, കോളേജുകളും നിലവാരം മെച്ചപ്പെട്ടുവരുന്നത് സർക്കാർ ഇടപെടലിന്റെ കൂടി ഭാഗമായിട്ടാണ്. കേരളാ യൂണിവേഴ്‌സിറ്റി NAAC A++, സംസ്‌കൃത സർവ്വകലാശാല NAAC A+ എന്നിങ്ങനെ ഗ്രേഡിംഗുകൾ കരസ്ഥമാക്കിയത് ഈയിടെ ആണ്. ഡിജിറ്റൽ സർവ്വകലാശാലയും, ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയും കേരളത്തിൽ പ്രവർത്തനം ആരംഭിച്ചതും ഇടത് ഭരണത്തിൻ കീഴിലാണ്. അതുപോലെ പൊതു വിദ്യാഭ്യാസ രംഗത്തും കേരളം കുതിപ്പിന്റെ പാതയിലാണ്.
ഈ നേട്ടങ്ങളെ കാണാനും, അംഗീകരിക്കാനും ഗവർണർക്കു സാധിക്കുന്നില്ല എന്നത് ദൗർഭാഗ്യകരമാണ്. രാഷ്‌ട്രപതി - ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പിന് മുമ്പേ ബോധപൂർവ്വമുള്ള പ്രസ്‌താവനകളും, പ്രകോപനപരമായ ഇടപെടലുകളും ഗവൺമെന്റിനെതിരായി ഗവർണറുടെ ഭാഗത്ത് നിന്നുമുണ്ടായത് എന്ത് ഉദ്ദേശത്തിലായിരുന്നു എന്നത് വ്യക്തമാണ്.
മുഖ്യമന്ത്രി 12.12.2021 - ന് നടത്തിയ പത്ര സമ്മേളനം ഗവർണറെ ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്നു. “ബഹുമാനപ്പെട്ട ഗവർണറുമായി ഏറ്റുമുട്ടുക സർക്കാരിന്റെ നയമല്ല. ഗവർണർ ഉന്നയിക്കുന്ന ഏത് വിഷയവും ചർച്ചയാകാം, അതിലൊന്നും പിടിവാശിയില്ല. ബഹു. ഗവർണർ നിയമസഭ പാസ്സാക്കിയ ചാൻസിലർ സ്ഥാനം ഉപേക്ഷിക്കരുത്. അദ്ദേഹം ചാൻസിലർ സ്ഥാനത്ത് തുടർന്നുകൊണ്ട് തന്നെ ഉന്നത വിദ്യാഭ്യാസ മേഖലയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാനുള്ള സർക്കാരിന്റേയും, സർവ്വകലാശാലയുടേയും ശ്രമങ്ങൾക്കു മാർഗ്ഗ നിർദ്ദേശവും, നേതൃത്വവും നൽകാൻ ഉണ്ടാകണമെന്നാണ് വിനീതമായി അഭ്യർത്ഥിക്കാനുള്ളത്'”.
ഈ അഭ്യർത്ഥന ഇടത് നയത്തിന്റെ ഭാഗമായിട്ടാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ ഗവർണർ ഈ അഭ്യർത്ഥനയ്‌ക്ക് അർഹനല്ല എന്നതാണ് തുടർന്നുള്ള അദ്ദേഹത്തിന്റെ പ്രവർത്തിയിലൂടെ അദ്ദേഹം കേരളത്തെ ബോധ്യപ്പെടുത്തിയതെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.
22-Aug-2022
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ