ലോകായുക്ത നിയമഭേദഗതി ബില്‍ ഇന്ന് നിയമസഭയില്‍

ലോകായുക്ത നിയമഭേദഗതി ബില്‍ ഇന്ന് സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിക്കും. അസാധുവായ ഓര്‍ഡിനന്‍സിലെ വ്യവസ്ഥകളുള്ള ബില്ലാണ് അവതരിപ്പിക്കുക. അഴിമതി തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തകന് പദവിയില്‍ ഇരിക്കാന്‍ ആകില്ലെന്ന ലോകായുക്ത വിധി വീണ്ടും ഹിയറിംഗ് നടത്തി സര്‍ക്കാരിന് തള്ളാമെന്ന പുതിയ വ്യവസ്ഥയാണ് നിയമഭേദഗതിയില്‍ കൊണ്ടുവരുന്നത്.

പുതിയ ഭേദഗതി പ്രകാരം മന്ത്രിയ്ക്കെതിരായ ലോകായുക്ത വിധിയില്‍ മുഖ്യമന്ത്രി അപ്പീല്‍ അധികാരിയാകും. അതേസമയം മുഖ്യമന്ത്രിക്കെതിരായ ലോകായുക്ത വിധി പരിശോധിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരം നല്‍കുന്ന വ്യവസ്ഥ മാറ്റി. വിധി നിയമസഭക്ക് പരിശോധിക്കാമെന്നാണ് ഭേദഗതി. മന്ത്രിമാര്‍ക്കെതിരായ വിധി മുഖ്യമന്ത്രിക്കും എംഎല്‍എമാര്‍ക്കെതിരായ വിധി സ്പീക്കര്‍ക്കും പരിശോധിക്കാമെന്നാണ് വ്യവസ്ഥ. ബില്ലിനെ എതിര്‍ക്കാനാണ് പ്രതിപക്ഷ തീരുമാനം. സഭ പാസാക്കിയാലും ബില്ല് ഗവര്‍ണര്‍ ഒപ്പിടേണ്ടതുണ്ട്.

ഇതിനിടെ ഗവര്‍ണറുടെ സര്‍വകലാശാലകളിലെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്‍ ബുധനാഴ്ച നിയമസഭയില്‍ അവതരിപ്പിക്കും. ബില്ലിന്റെ കരട് തയ്യാറായി. പുതിയ ബില്‍ പ്രകാരം വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മറ്റിയില്‍ അഞ്ച് അംഗങ്ങളായിരിക്കും ഉണ്ടാവുക. സമിതിയില്‍ സര്‍ക്കാരിന് മേധാവിത്വമുണ്ടാകുമെന്നും ഗവര്‍ണറെ മറികടന്ന് സര്‍ക്കാരിന് ഇഷ്ടമുള്ള ആളെ വിസി ആയി നിയമിക്കാന്‍ കഴിയുന്ന രീതിയിലാണ് ബില്‍.

നിയമസഭാ കാര്യോപദേശക സമിതിയാണ് ബില്‍ 24ന് അവതരിപ്പിക്കാന്‍ അനുമതി നല്‍കിയത്. കണ്ണൂര്‍- കേരള സര്‍വ്വകലാശാല നിയമനങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. വിസി നിയമനത്തിന് നിലവില്‍ മൂന്ന് അംഗ സെര്‍ച്ച് കമ്മിറ്റിയാണുള്ളത്. ഇതിന് പകരമാണ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള അഞ്ച് അംഗ സമിതി വരുന്നത്. അഞ്ച് അംഗത്തില്‍ മൂന്ന് പേര്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ളവരാണ്. കമ്മിറ്റിയിലെ ഭൂരിപക്ഷ അംഗങ്ങള്‍ മുന്നോട്ട് വെയ്ക്കുന്ന പാനലില്‍ നിന്നും വിസിയെ നിയമിക്കണം.

23-Aug-2022