മധു വധക്കേസില്‍ നീതി ഉറപ്പാക്കുമെന്നു മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കാന്‍ സാധ്യമായത് ചെയ്യുകയും സാക്ഷികള്‍ക്ക് ആവശ്യമായ സംരക്ഷണം നൽകുകയും ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ വിചാരണ നടപടികള്‍ പുരോഗമിക്കവേ സാക്ഷികള്‍ വ്യാപകമായി കൂറുമാറുന്നത് കേസിനെ കാര്യമായി ബാധിക്കുന്നു എന്നതാണ് ചോദ്യോത്തര വേളയില്‍ ഉയര്‍ന്നുവന്ന പ്രധാന ആശങ്ക. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികളെല്ലാം സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
കേസിലെ പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കുന്നതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുന്നു. കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാര്‍ക്ക് കൃത്യമായ അലവന്‍സുകള്‍ നല്‍കിയിട്ടുണ്ട്. കേസില്‍ ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും. പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് ഒരു തരത്തിലുമുള്ള അലംഭാവവും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.