ബിൽക്കിസ് ബാനു കേസ്; കുറ്റവാളികളെ വിട്ടയച്ചതിനെതിരെ സിപിഎം സുപ്രീംകോടതിയിലേക്ക്

ഗർഭിണിയായിരുന്ന ബിൽക്കിസ്‌ ബാനുവിനെ ഗുജറാത്ത്‌ വംശഹത്യക്കിടെ കൂട്ടബലാത്സംഗം ചെയ്യുകയും മൂന്നുവയസ്സുകാരിയായ മകളുൾപ്പെടെ കുടുംബത്തിലെ ഏഴ്‌ പേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ 11 കുറ്റവാളികളെ വിട്ടയച്ച ഗുജറാത്തിലെ ബിജെപി സർക്കാരിന്റെ നടപടി ചോദ്യംചെയ്‌ത് സിപിഐ എം പോളിറ്റ്‌ബ്യൂറോ അംഗം സുഭാഷിണി അലി, സ്വതന്ത്ര മാധ്യമപ്രവർത്തക രേവതിലൗൾ, സാമൂഹ്യപ്രവർത്തക രൂപ്‌രേഖ വർമ തുടങ്ങിയവർ സുപ്രീംകോടതിയെ സമീപിച്ചു.

ജയിലിൽ 15 വർഷം പൂർത്തിയായെന്നും വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതികളിലൊരാൾ നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നുജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ച് ശിക്ഷ ഇളവ് സംബന്ധിച്ച കുറ്റവാളികളുടെ അപേക്ഷ പരിശോധിച്ച് തീരുമാനം എടുക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് ശിക്ഷ ഇളവ് നല്‍കിയത് എന്ന് കപില്‍ സിബല്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി.

കോടതി നിർദ്ദേശത്തെയല്ല ഗുജറാത്ത് സര്‍ക്കാരിന്റെ ഉത്തരവിലെ വ്യവസ്ഥകളെയാണ് ചോദ്യംചെയ്യുന്നതെന്നും സിബൽ അറിയിച്ചു. സുപ്രീം കോടതി നിർദേശത്തെ തുടർന്ന് വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ പഞ്ച്മഹൽ കലക്ടർ സുജൽ മയാത്ര അധ്യക്ഷനായ സമിതിയെ ഗുജറാത്ത് സർക്കാർ നി‌‌‌യോഗിച്ചു. കേസിൽ 15 വർഷം ശിക്ഷ പൂർത്തിയാക്കിയതിനാൽ എല്ലാവരെയും വിട്ടയയ്ക്കാമെന്ന് സമിതി സർക്കാരിന് നിർദേശം നൽകുക‌യായിരുന്നു. ഇതോടെയാണ് ഗോധ്ര സബ് ജയിലിൽ നിന്ന് ഇവർ മോചിതരായത്.

1992 ലെ ഗുജറാത്ത് സർക്കാർ ഉത്തരവ് അനുസരിച്ച് പതിനാല് വർഷത്തിൽ കൂടുതൽ ജയിൽ ശിക്ഷ അനുഭവിക്കുന്നവരെ വിട്ടയ്ക്കാൻ സർക്കാരിന് തീരുമാനമെടുക്കാം. എന്നാൽ 2014 പുതുക്കിയ ഉത്തരവ് പ്രകാരം ബലാത്സംഗം, കൊലപാതകം അടക്കം കേസുകളിൽ പെട്ടവർക്ക് ഈ പരിഗണന ലഭിക്കില്ല. എന്നാൽ ബിൽക്കിസ് ഭാനു കേസിൽ ശിക്ഷ വിധി 2008 ലാണുണ്ടായത്. അതിനാൽ അന്ന് ബാധകമാകുന്നത് 1992 ലെ ഉത്തരവാണെന്ന് കാട്ടിയാണ് സർക്കാർ ഇവരെ മോചിപ്പിച്ചത്. ഏതായാലും ഗുജറാത്ത് സർക്കാരിന്റെ ഈ നടപടിയിലെ നിയമവശങ്ങളാകും സുപ്രീംകോടതി പരിഗണിക്കുക.

 

25-Aug-2022