ഷോണ്‍ ജോര്‍ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പി സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിന്റെ വീട്ടില്‍ റെയ്ഡ്. ഈരാറ്റുപേട്ടയിലെ വീട്ടിലാണ് ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തുന്നത്. കേസ് അട്ടിമറിക്കാന്‍ വ്യാജ തെളിവുകളുണ്ടാക്കി സൈബര്‍ പ്രചാരണം നടത്തിയതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

ദിലീപിനെതിരെ ഗൂഢാലോചന നടന്നുവെന്ന് വരുത്താന്‍ പ്രതിഭാഗം ഒരു വാട്‌സ്പ്പ് ഗ്രൂപ്പ് വ്യാജമായി നിര്‍മിച്ചെന്ന് ക്രൈംബ്രാഞ്ച് ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പുതിയ നീക്കം. ബി സന്ധ്യ, ഉന്നത ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ളവരെ ഉള്‍പ്പെടുത്തിയാണ് ഗ്രൂപ്പ് ഉണ്ടാക്കിയത്. 'ദിലീപിനെ പൂട്ടണം' എന്ന പേരിലായിരുന്നു 2017ല്‍ വാട്‌സ്ആപ് ഗ്രൂപ്പ് നിര്‍മിച്ചത്. ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഇത് സംബന്ധിച്ച വിവരം ക്രൈംബ്രാഞ്ചിന് ലഭിച്ചത്.

അന്ന് ഈ ഗ്രൂപ്പിന്റെ സ്‌ക്രീന്‍ ഷോട്ട് ഷോണ്‍ ജോര്‍ജിന്റെ ഫോണില്‍ നിന്ന് അനൂപിന്റെ ഫോണിലേക്ക് അയച്ചതായി കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടെ ഗ്രൂപ്പ് വ്യാജമാണെന്ന പരാതിയുമായി സംവിധായകന്‍ ബൈജു കൊട്ടാരക്കര രംഗത്തുവന്നു. ഈ പരാതിയെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണമാണ് ഷോണ്‍ ജോര്‍ജിലേക്ക് എത്തിയത്.

25-Aug-2022