ലഹരി ഉപഭോഗവും വിതരണവും തടയുന്നതിന് കര്‍ശന നടപടികള്‍

ലഹരി ഉപഭോഗവും വിതരണവും തടയുന്നതിന് കര്‍ശന നടപടികള്‍ കൈക്കൊള്ളാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ഉയര്‍ന്ന ശിക്ഷ ഉറപ്പാക്കും. ആവര്‍ത്തിച്ച് കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കരുതല്‍ തടങ്കല്‍ നടപടി സ്വീകരിക്കും. കാപ്പ രജിസ്റ്റര്‍ തയ്യാറാക്കുന്ന മാതൃകയില്‍ ലഹരിക്കടത്ത് കുറ്റകൃത്യം ചെയ്യുന്നവരുടെ ഡാറ്റാബാങ്ക് തയ്യാറാക്കാനും തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു.

അതിര്‍ത്തികളിലും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കുവരുന്ന ട്രെയിനുകളിലും പരിശോധന ശക്തമാക്കും. സംസ്ഥാനമൊട്ടാകെ പോലീസിന്റെയും എക്‌സൈസിന്റെയും നേതൃത്വത്തില്‍ ലഹരി വിരുദ്ധ സ്‌പെഷ്യല്‍ ഡ്രൈവ് നടത്തും.

ലഹരിക്ക് എതിരായ പോരാട്ടം ജനകീയ ക്യാമ്പയിനായി സംഘടിപ്പിക്കും. യുവാക്കള്‍, മഹിളകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സമുദായ സംഘടനകള്‍, ഗ്രന്ഥശാലകള്‍, ക്ലബ്ബുകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, സാമൂഹ്യ - സാംസ്‌കാരിക -രാഷ്ട്രീയ കൂട്ടായ്മകള്‍ ഉള്‍പ്പെടെയുള്ള വിവിധ പ്രാദേശിക കൂട്ടായ്മകളെ ക്യാമ്പയിനില്‍ കണ്ണിചേര്‍ക്കും. ഇതിന് വ്യക്തമായ രൂപരേഖ തയ്യാറാക്കും.
ക്യാമ്പയിനിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 2 ന് നടത്തും. ഉദ്ഘാടന ദിവസം എല്ലാ വിദ്യാലയങ്ങളിലും പ്രത്യേക ക്ലാസ്സ് പി.ടി.എ. യോഗങ്ങള്‍ ചേരും. എല്ലാ ക്ലാസ്സുകളിലും വിക്ടേഴ്‌സ് ചാനല്‍ വഴി ഉദ്ഘാടന പ്രസംഗം കേള്‍ക്കാന്‍ അവസരം ഒരുക്കും.

തുടര്‍ന്ന് ലഹരിക്കെതിരായ രണ്ടോ മൂന്നോ ഹ്രസ്വ സിനിമ/ വീഡിയോയുടെ സഹായത്തോടെ ഒരു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ലഹരിവിരുദ്ധ ക്ലാസ്സും ലഹരി എന്ന വിപത്ത് ഒഴിവാക്കുന്നതിന് പ്രാദേശികമായി ചെയ്യേണ്ട കാര്യങ്ങള്‍ സംബന്ധിച്ച ചര്‍ച്ചയും സംഘടിപ്പിക്കും. ബസ് സ്റ്റാന്റുകളിലും ക്ലബ്ബുകളടക്കമുള്ള ഇടങ്ങളിലും ഇത്തരത്തില്‍ പരിപാടികള്‍ നടത്തും.

കുടുംബശ്രീ യൂണിറ്റുകളില്‍ ലഹരി വിപത്ത് സംബന്ധിച്ച പ്രത്യേക ചര്‍ച്ച സംഘടിപ്പിക്കണം. ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി പ്രത്യേക യൂണിറ്റ് യോഗങ്ങള്‍ ചേരണം. ലഹരി ഉപഭോഗമോ, വിതരണമോ ശ്രദ്ധയില്‍പ്പെട്ടാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ സംബന്ധിച്ച കൃത്യവും വിശദവുമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണം. ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പര്‍, മേല്‍വിലാസം എന്നിവ കൈമാറണം. തദ്ദേശസ്വയംഭരണ സ്ഥാപനതല ജനജാഗ്രതാ സമിതികള്‍ മൂന്നു മാസത്തില്‍ ഒരിക്കല്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.

31-Aug-2022