രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററിലാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകനെ അനധികൃത നിയമിച്ചത്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ  മകന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍  (രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്റര്‍) അനധികൃത നിയമനം. ബിടെക്ക് അടിസ്ഥാന യോഗ്യതയാക്കി പ്രത്യേകം സൃഷ്ടിച്ച ഒരു ഒഴിവിലേക്ക് നിയമനം നല്‍കുകയായിരുന്നു.പരീക്ഷ നടത്തി മാസങ്ങള്‍ കഴിഞ്ഞെങ്കിലും നിയമനം സംബന്ധിച്ച വിവരങ്ങള്‍ തേടുമ്പോള്‍ കൃത്യമായ വിവരം ആര്‍ജിസിബി നല്‍കുന്നില്ലെന്ന്  പങ്കെടുത്ത മറ്റ് ഉദ്യോഗാര്‍ഥികള്‍  പറഞ്ഞു

രണ്ട് ദിവസം കൊണ്ട് ധൃതിപിടിച്ച് പരീക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കി. ലാബ് പരീക്ഷയില്‍ പങ്കെടുത്ത നാല് പേരുടെ പട്ടികയില്‍ നിയമനം ലഭിച്ചത് ഹരികൃഷ്ണന്‍ കെ.എസിന്. റാങ്ക് പട്ടിക സംബന്ധിച്ചോ തുടര്‍നടപടികളെ കുറിച്ചോ പരീക്ഷ എഴുതിയ മറ്റു വിദ്യാര്‍ഥികള്‍ അന്വേഷിച്ചിട്ടും പറയാന്‍ സ്ഥാപനം തയ്യാറായിട്ടില്ലെന്നാണ് ഉദ്യോഗാര്‍ഥികള്‍ പറയുന്നത്. നേരിട്ടും ഇമെയില്‍ വഴിയും ബന്ധപ്പെട്ടിട്ടും മറുപടിയില്ല.

ഹരികൃഷ്ണന്‍ കെ എസിന് ജൂണ്‍ മാസത്തില്‍ ആര്‍ജിസിബി നിയമനം നല്‍കിയെന്ന് അന്വേഷണത്തില്‍ ബോധ്യമാകുകയായിരുന്നു. അടിസ്ഥാന ശമ്പളം ഉള്‍പ്പെടെ എഴുപതിനായിരം രൂപ വരെയാണ് പരിശീലന കാലയളവില്‍ ലഭിക്കുന്നത്. നിലവില്‍ വിദഗ്ധ പരിശീലനത്തിന് ഹരികൃഷ്ണനെ ഡല്‍ഹിയിലെ സാങ്കേതിക സ്ഥാപനത്തിലേക്ക് അയച്ചതായാണ് വിവരം. അതേസമയം, എല്ലാ ചട്ടങ്ങളും പാലിച്ച് മെറിറ്റ് അടിസ്ഥാനത്തിലാണ് നിയമനം നല്‍കിയതെന്നാണ് ആര്‍ജിസിബിയുടെ വിശദീകരണം

02-Sep-2022