ടീസ്റ്റ സെതല്‍വാദിന് ഇടക്കാല ജാമ്യം നല്‍കി സുപ്രീംകോടതി

2002 ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ രേഖകള്‍ ഉണ്ടാക്കിയെന്ന് ആരോപിച്ച്  ഗുജറാത്ത് പൊലീസ്  അറസ്റ്റ് ചെയ്ത പ്രശസ്ത സാമൂഹ്യപ്രവര്‍ത്തക  ടീസ്റ്റ  സെതല്‍വാദിന് ഇടക്കാല ജാമ്യം. ഗുജറാത്ത് സര്‍ക്കാരിൻ്റെ  എതിര്‍പ്പ് തള്ളിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്  ടീസ്റ്റ സെതല്‍വാദിന് ഇടക്കാല ജാമ്യം അനുവദിച്ചത്. ജാമ്യ വ്യവസ്ഥകള്‍ കീഴ്‌ക്കോടതിക്ക് തീരുമാനിക്കാം. അതേസമയം വിഷയം ഹൈക്കോടതി പരിഗണിക്കും വരെ ടീസ്റ്റയുടെ പാസ്‌പോര്‍ട്ട് ഹാജരാക്കണമെന്ന് ഉത്തരവില്‍ കോടതി നിര്‍ദേശിച്ചു. കേസ് അന്വേഷണത്തിൻ്റെ  പ്രധാന ഭാഗമായ കസ്റ്റഡിയിലുള്ള ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതാണ്. പൊലീസിന് ഇതിന് മതിയായ സമയം ലഭിച്ചിട്ടുണ്ട് . ഈ സാഹചര്യത്തില്‍ ഇടക്കാല ജാമ്യം അനുവദിക്കുന്നതില്‍ തെറ്റില്ലെന്ന് കോടതി നിരീക്ഷിച്ചു.

ടീസ്റ്റയുടെ ജാമ്യഹര്‍ജി ഹൈക്കോടതിയുടെ പരിഗണനിയിലായതിനാല്‍ ഇടക്കാല ജാമ്യം അനുവദിക്കരുതെന്ന് ഗുജറാത്ത് സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. വ്യാജ രേഖകള്‍ ഉണ്ടാക്കിയെന്ന് ആരോപിച്ച് ജൂണ്‍ 26 മുതല്‍ തീസ്ത സെതല്‍വാദ് ഗുജറാത്ത് പോലീസ് കസ്റ്റഡിയിലാണ്.

02-Sep-2022