ഹൈക്കോടതിക്ക് മുന്നിൽ ഇ ഡിയ്ക്ക് ഉത്തരമില്ല

കിഫ്ബി വിഷയത്തില്‍ ഇ.ഡി അയച്ച സമന്‍സുകള്‍ക്കെതിരെ മുന്‍ ധനമന്ത്രി തോമസ് ഐസക് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ മറുപടി നല്‍കാനാകാതെ കുരുക്കിലായത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിച്ചപ്പോള്‍ മറുപടി നല്‍കാന്‍ ഇ.ഡി വീണ്ടും സമയം തേടുകയായിരുന്നു. ഇത് അംഗീകരിച്ച ഹൈക്കോടതി കേസ് പരിഗണിക്കുന്നത് സെപ്റ്റംബര്‍ 23 ലേക്ക് മാറ്റി. ഇ.ഡിക്കെതിരായ കിഫ്ബിയുടെ ഹര്‍ജിയും പരിഗണിക്കുന്നത് മാറ്റിയിട്ടുണ്ട്.

ആഗസ്റ്റ് 10നായിരുന്നു ഇ.ഡി സമന്‍സുകള്‍ക്കെതിരെ തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചത്. ആഗസ്റ്റ് 11ന് കേസ് പരിഗണിച്ചപ്പോള്‍ ഹര്‍ജിയില്‍ മറുപടി ഫയല്‍ ചെയ്യാന്‍ ഇ.ഡിയോട് ഹൈക്കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് കേസ് ആഗസ്റ്റ് 16ന് വീണ്ടും പരിഗണിച്ചു. എന്നാല്‍ അന്ന് മറുപടി നല്‍കാന്‍ ഇ.ഡിക്ക് സാധിച്ചില്ല. കോടതി കൂടുതല്‍ സമയം അനുവദിച്ചു. ഇന്ന് വീണ്ടും കേസ് പരിഗണിച്ചപ്പോഴും ഇ.ഡി അധിക സമയം വേണമെന്ന ആവശ്യം ആവര്‍ത്തിക്കുകയായിരുന്നു. രണ്ട് വര്‍ഷമായി അന്വേഷിക്കുന്ന കേസിലാണ് മറുപടി നല്‍കാന്‍ ഇ.ഡിക്ക് കൂടുതല്‍ സമയം ആവശ്യമായി വരുന്നത് എന്നതാണ് ശ്രദ്ധേയം. ഇത് തന്നെ ഇ.ഡിയുടേത് രാഷ്ട്രീയ നീക്കമായിരുന്നുവെന്നതിൻ്റെ സാധൂകരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു.

തോമസ് ഐസകിനെ ചോദ്യം ചെയ്യാന്‍ ദൃതിപിടിച്ചുള്ള നീക്കങ്ങളായിരുന്നു ഇ.ഡി നടത്തിയത്. തുടരെത്തുടരെ സമന്‍സുകളയച്ച് വിളിപ്പിച്ച ഇ.ഡിക്ക് കോടതിയില്‍ മറുപടി നല്‍കാന്‍ സാധിക്കാത്തതിനാല്‍ തുടര്‍ നടപടികളിലേക്ക് കടക്കാനും സാധിക്കില്ല. തോമസ് ഐസക് വിഷയം ഹൈക്കോടതിയിലെത്തിച്ചതോടെ ഇ.ഡിയുടെ വഴിവിട്ട നീക്കങ്ങള്‍ക്കാണ് തടസം നേരിട്ടത്. ഈ പ്രതിസന്ധി എങ്ങനെ നേരിടണമെന്നതിലെ അവ്യക്തതയും ഇ.ഡിയുടെ ഈ അധികസമയം തേടലിന് പിന്നിലുണ്ട്.

നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ ഇ.ഡി നീക്കത്തിനെതിരെ ഹൈക്കോടതി വിമര്‍ശനമുന്നയിച്ചിരുന്നു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന് ഇ. ഡി തന്നെ പറയുന്നു. പ്രാഥമിക ഘട്ടത്തില്‍ തന്നെ ഇത്രയും വിവരങ്ങള്‍ തേടുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. ഇത്രയും വിവരങ്ങള്‍ ഹാജരാക്കാന്‍ ഇ. ഡിയുടെ കൈയ്യിലുള്ള തെളിവുകളെന്താണ് ? തോമസ് ഐസക് പ്രതിയോ പ്രതിയെന്ന് സംശയിക്കുന്നയാളോ അല്ല. അങ്ങനെയാണെങ്കില്‍ ഇത്ര വിശദമായ വിവരങ്ങള്‍ തേടുന്നതില്‍ അര്‍ത്ഥമുണ്ട്. ഹര്‍ജിക്കാരന്റെ സ്വകാര്യതയെ മാനിക്കണം. അതിനാല്‍ സ്വകാര്യവിവരങ്ങള്‍ തേടുന്നത് എന്തിനാണെന്ന് വ്യക്തത വരുത്താന്‍ ഇ.ഡി തയ്യാറാകണമെന്നുമായിരുന്നു കോടതി നിലപാട്.

ഇ. ഡി അയച്ച രണ്ട് സമന്‍സ് നോട്ടീസുകളിലും ചെയ്ത കുറ്റമെന്തെന്ന് വ്യക്തമാക്കിയിട്ടില്ല. കിഫ്ബിയോ താനോ ചെയ്ത ഫെമ ലംഘനം എന്തെന്ന് ഇ.ഡി വ്യക്തമാക്കുന്നില്ല. ഹാജരാക്കണമെന്ന് ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്ന രേഖകളെല്ലാം പൊതുമണ്ഡലത്തില്‍ ഉള്ളതാണ്. അവ സമാഹരിക്കാന്‍ തന്നെ നോട്ടീസയച്ചു വിളിപ്പിക്കേണ്ട കാര്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇ. ഡി സമന്‍സിനെതിരെ തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചത്. അക്ഷരാർത്ഥത്തിൽ തോമസ് ഐസക്കിനെ കുരുക്കാൻ പുറപ്പെട്ട ഇ ഡി ഇപ്പോൾ കുരുക്കിലായ ലക്ഷണമാണ്.

02-Sep-2022