മേഘാലയ ബി ജെ പി വൈസ്പ്രസിഡന്റ് ബര്‍നാര്‍ഡ് മാരക്ക് വീണ്ടും അറസ്റ്റില്‍

വ്യഭിചാരശാലാ വിവാദത്തിനു പിന്നാലെ ഭക്ഷ്യവസ്തുക്കളുടെ വില അനധികൃതമായി വര്‍ധനിപ്പിച്ചതിന് മേഘാലയ ബി ജെ പി വൈസ്പ്രസിഡന്റ് ബര്‍നാര്‍ഡ് മാരക്ക് വീണ്ടും അറസ്റ്റില്‍. മരാക്കിന്റെ നിര്‍ദ്ദേശപ്രകാരം മേഘാലയ ചേംബര്‍ ഓഫ് കൊമേഴ്സ് നടത്തിയ നിയമവിരുദ്ധ ഇടപെടലുകളുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്യാന്‍ തുറ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അനുമതി നല്‍കിയത്.

കോടതിയിൽ ഹാജരാക്കിയ മരാക്കിനെ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. നിലവില്‍ രണ്ടു കേസുകളിലും പ്രതിയായ ഇയാള്‍ പോലീസ് കസ്റ്റഡിയില്‍ തുടരുമ്പോഴാണ് അടുത്ത കേസില്‍ വീണ്ടും അറസറ്റ് ചെയ്യുന്നത്.വില വര്‍ദ്ധനയെ കുറിച്ചുള്ള ജനങ്ങളുടെ പ്രതികരണവും പത്രവാര്‍ത്തകളും പോലീസ് ഹാജരാക്കി. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ , മുട്ട, മാംസം, ലഘുഭക്ഷണം എന്നിവയ്ക്കാണ് മാരിക്കിന്റെ നേതൃത്വത്തിലുള്ള മേഘാലയ ചേമ്പര്‍ ഓഫ് കൊമേര്‍സ് അനധികൃതമായി വില വർദ്ധിപ്പിച്ചത്.

ഇതിനു പുറമെ അംഗത്വ ഫീസ്, അംഗത്വം പുതുക്കല്‍ തുക എന്നീ പേരില്‍ കടയുടമകളില്‍നിന്ന് വന്‍ തുക പിരിച്ചെടുക്കുന്നതായും മരാക്കിനെതിരെ പരാതി ഉയർന്നിരുന്നു. നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ ഭാരവാഹികള്‍ വ്യവസായികളെ തെറ്റിദ്ധരിപ്പിച്ച് മരാക്കിനരികിലെത്തിക്കുകയും തുടര്‍ന്ന് ട്രേഡ് ലൈസന്‍സ് പുതുക്കാന്‍ സാധിക്കില്ലെന്ന് ഭീഷണിപ്പെടുത്തി തട്ടിപ്പു നടത്തിയെന്നും പോലീസ് കുറ്റപത്രത്തില്‍ പറയുന്നു.

നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ വ്യവസായികളില്‍ നിന്ന് വന്‍ തുക തട്ടിപ്പ് നടത്തിയെന്നും പോലീസ് പറഞ്ഞു. ഐ പി സി 120 ബി (ഗൂഢാലോചന), 384(പിടിച്ചു പറി), 417(വഞ്ചന) എന്നിവയാണ് മരാക്കിനെതിരെയാണ് ചുമത്തിയ കുറ്റങ്ങള്‍.

02-Sep-2022