ലത്തീൻ സഭ പാതിരിമാർക്കെതിരെ പൂജാരിമാരെ ഉപയോഗിക്കാനുള്ള ആർഎസ്എസ് തന്ത്രം പാളി

വിഴിഞ്ഞം സമരത്തിന്റെ പശ്ചാത്തലത്തിൽ വർഗ്ഗീയ സ്പർദ്ധയുണ്ടാക്കാൻ ലക്ഷ്യമിട്ട് ഉന്നത ബിജെപി നേതാക്കളുടെ അറിവോടെ ചില ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ വിളിച്ച് ചേർത്ത ക്ഷേത്രപൂജാരിമാരുടെ യോഗത്തിൽ ബിജെപിയ്ക്ക് അപ്രതീക്ഷിത തിരിച്ചടി കിട്ടിയതായി സൂചന. ക്ഷേത്രസംരക്ഷണ സമിതി, ഹിന്ദു ഐക്യവേദി, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ സംഘടനകളുടെ ചില സംസ്ഥാന ജില്ലാ നേതാക്കളുടെ നേതൃത്വത്തിലാണ് തലസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലെ അടക്കം 50ലധികം പൂജാരിമാരുടെ യോഗം നഗരത്തിലെ രഹസ്യ കേന്ദ്രത്തിൽ വിളിച്ച് ചേർത്തത്.

വിഴിഞ്ഞം സമരം നടത്തുന്ന ലത്തീൻ സഭയ്ക്ക് വർഗ്ഗീയ ലക്ഷ്യമാണെന്നും, മോദിയുടെ സ്വപ്‍ന പദ്ധതി തകർക്കാനാണ് നീക്കമെന്നും, അതിന് കമ്മ്യൂണിസ്റ്റ് സർക്കാർ സഹായം ചെയ്യുകയാണെന്നും ഇതിനെതിരെ ശക്തമായ തിരിച്ചടി കൊടുക്കണമെന്നും ഹിന്ദുക്കൾ സംഘടിച്ച് പദ്ധതിയ്ക്ക് വേണ്ടി സമരം ആരംഭിക്കണമെന്നുമായിരുന്നു അധ്യക്ഷ പ്രസംഗത്തിൽ സൂചിപ്പിച്ചത്. അതിന് ക്ഷേത്രങ്ങളിലെത്തുന്ന ഭക്തജനങ്ങളോട് ഇക്കാര്യങ്ങൾ സ്വാഭാവികമെന്ന് തോന്നും മട്ടിൽ പൂജാരിമാർ സംസാരിക്കണമെന്നും, സമരം ആരംഭിച്ചാൽ പ്രധാന പ്രചാരണ കേന്ദ്രമായി തീരപ്രദേശങ്ങളിലെ ക്ഷേത്രങ്ങളെ മാറ്റണമെന്നും ആയിരുന്നു പ്രധാന നിർദ്ദേശം. ആർഎസ്എസ് അനുകൂലികളായ പൂജാരിമാർ ആയിരുന്നിട്ടും ചിലർ ഈ നീക്കത്തെ എതിർത്തതാണ് ബിജെപി - ആർഎസ്എസ് നേതൃത്വത്തെ ഞെട്ടിച്ചത്.

സംസ്ഥാന സർക്കാരിനെതിരെ ഇപ്പോൾ എന്തെങ്കിലും ചെയ്യാൻ തുനിയുന്നത് അബന്ധമാകുമെന്നും, വിശിഷ്യാ മതം പറഞ്ഞ് നടത്തുന്ന ഏത് സമരവും കേരളത്തിൽ പൊളിയുമെന്നും വിഴിഞ്ഞത്ത് നടക്കുന്ന ലത്തീൻ സഭയുടെ സമരത്തിന് പോലും പൊതുജനങ്ങളുടെ പിന്തുണ ഇല്ല എന്നും യോഗത്തിനെത്തിയ തലസ്ഥാനത്തെ പ്രശസ്ത ക്ഷേത്രത്തിലെ മേൽശാന്തി ചൂണ്ടിക്കാട്ടി. അതുകൊണ്ട് രാഷ്ട്രീയ തന്ത്രങ്ങളിൽ പൂജാരിമാരെ ആയുധമാക്കുന്നത് ശരിയല്ല. ആത്‌മീയ കാര്യങ്ങളിൽ വ്യാപൃതരായവരെ ഇത്തരത്തിൽ വിളിച്ച് ചേർത്തത് തന്നെ തെറ്റാണ്. എന്തെങ്കിലും യഞ്ജമോ ഹോമമോ പോലെയുള്ള പരിപാടിയുടെ ആലോച്ചനയാണെന്ന് കരുതിയാണ് വന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭൂരിപക്ഷം പേരും അദ്ദേഹത്തെ പിന്തുണച്ചതോടെ കാര്യങ്ങൾ കൈവിട്ട് പോയെന്ന് മനസിലാക്കിയ നേതാക്കൾ പിന്നെ തലയൂരാനുള്ള തന്ത്രം പയറ്റി. ഒരു മഹായജ്ഞം ഉടനെ തലസ്ഥാനത്ത് നടത്തുന്നുണ്ടെന്നും അതാണ് പ്രധാന അജണ്ട എന്നും, വിഴിഞ്ഞം സമരം ഒന്ന് പറഞ്ഞ് പോയത് മാത്രമാണെന്നുമായിരുന്നു വിശദീകരണം.

ഏതായാലും വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കളുടെ മൗനവും, അഴകൊഴമ്പൻ പ്രതികരണവും നിർദോഷമല്ല എന്നാണ് ഇത് നൽകുന്ന സൂചന. കഴിഞ്ഞ ദിവസങ്ങളിൽ സിപിഎം പ്രവർത്തകർക്കും ഓഫീസുകൾക്കും നേരെ ഉണ്ടായ ആർഎസ്എസ് ആക്രമണങ്ങൾ ബിജെപിയും ആർഎസ്എസും ഉദ്ദേശിച്ച തരത്തിൽ കാര്യങ്ങൾ കൊണ്ടെത്തിച്ചില്ല എന്നത് കൂടി ചേർത്ത് വായിക്കുമ്പോൾ തലസ്ഥാന ജില്ലയിൽ ഒരു കലാപം ആർഎസ്എസ് ആസൂത്രണം ചെയ്യുന്നു എന്ന് ന്യായമായും സംശയിക്കേണ്ടി ഇരിക്കുന്നു. വിഴിഞ്ഞം പദ്ധതി ഹിന്ദുക്കളുടെ പദ്ധതിയാക്കി ചിത്രീകരിച്ച് തീരപ്രദേശത്ത് സംഘർഷം ഉണ്ടാക്കി മുതലെടുക്കാനുള്ള നീക്കമാണ് നടക്കുന്നത്. അതിന്റെ ഗൂഢാലോചനയുടെ ഭാഗമാണ് പൂജാരിമാരുടെ യോഗം വിളിച്ചത്. ലത്തീൻ സഭയിലെ പാതിരിമാരുടെ നേതൃത്വത്തിൽ നടക്കുന്ന വിഴിഞ്ഞത്തെ സമരത്തിനെ ക്ഷേത്രപൂജാരിമാരെ ഉപയോഗിച്ച് പ്രതിരോധിക്കുക എന്ന തന്ത്രമാണ് ആർഎസ്എസ് ഉദ്ദേശിച്ചത്. അദാനിയ്ക്കാണ് നിർമ്മാണ കരാർ എന്നതും ഈ സംശയം ഇരട്ടിപ്പിക്കുന്നു. അദാനിയ്ക്ക് സാമ്പത്തിക നേട്ടമുണ്ടാകുമ്പോൾ ബിജെപിയ്ക്ക് രാഷ്ട്രീയ നേട്ടവും ഉണ്ടാക്കാൻ ഈ അവസരം മുതലാക്കുക എന്നതാണ് ലക്‌ഷ്യം.

പൂജാരിമാരുടെ എതിർപ്പോടെ ഈ നീക്കം പാളിയെങ്കിലും മറ്റേതെങ്കിലും തരത്തിൽ കലാപത്തിന് തിരികൊടുക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.

02-Sep-2022