സ്പീക്കര്‍ പദവി രാജിവെച്ച് എം ബി രാജേഷ്

എം ബി രാജേഷ് സംസ്ഥാന നിയമസഭാ സ്പീക്കര്‍ പദവി രാജിവെച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന് രാജിക്കത്ത് കൈമാറി. എം വി ഗോവിന്ദൻ മാസ്റ്ററുടെ ഒഴിവിലാണ് എം ബി രാജേഷ് മന്ത്രിസഭയിലേക്ക് എത്തുന്നത്. എക്സൈസ് തദ്ദേശഭരണ വകുപ്പുകൾ ലഭിക്കും. സത്യപ്രതിജ്ഞ ചൊവ്വാഴ്ച നടക്കും.

മന്ത്രിയാകുമെന്ന കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചാണ് സിപിഎം രാജേഷിനെ സ്പീക്കർ പദവിയിലേക്ക് നിയോഗിച്ചത്. ആ പദവിയിൽ നിറഞ്ഞുനിന്ന രാജേഷ്, പല ഘട്ടങ്ങളിലും പ്രതിപക്ഷത്തിന് വരെ സ്വീകാര്യനായി.

നേരത്തെ അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറഞ്ഞിരുന്ന എം ബി രാജേഷ്, സ്പീക്കർ പദവയിൽ എത്തിയപ്പോൾ, പലപ്പോഴും രാഷ്ട്രീയ വിവാദങ്ങളിൽ കരുതലോടെയായിരുന്നു പ്രതികരിച്ചിരുന്നത്. ഗവർണർ വിവാദത്തിൽ ഉൾപ്പെടെ ആ മികവ് തന്നെയാണ് ഇപ്പോൾ മന്ത്രിപദവിയിലേക്ക് എത്തിച്ചത്.

03-Sep-2022