മഗ്സസെ പുരസ്‌കാരം നിരസിക്കാനുള്ള തീരുമാനം എന്തുകൊണ്ടെന്ന് സീതാറാം യെച്ചൂരി
അഡ്മിൻ
കേരളത്തിന്റെ പൊതുആരോഗ്യ പ്രശ്നങ്ങൾ കൈകാര്യം ചെയ്ത രീതിയുടെ അടിസ്ഥാനത്തിലാണ് കെ കെ ഷൈലജയെ മഗ്സസെ പുരസ്‌കാരത്തിന് പരിഗണിച്ചതെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.
കേരളത്തിലെ ആരോഗ്യരംഗത്തെ മുന്നേറ്റം എൽഡിഎഫ് സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്ന് പറഞ്ഞ അദ്ദേഹം, ഇതൊരിക്കലും ഒരു വ്യക്തിയുടെ മാത്രം നേട്ടമല്ല എന്ന് ചൂണ്ടിക്കാട്ടി . മാത്രമല്ല, ഇതുവരെ മഗ്സസെ പുരസ്‌കാരം സജീവ രാഷ്ട്രീയ പ്രവർത്തകർക്ക് നൽകിയിട്ടില്ലെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
ഷൈലജ സിപിഐ എമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗവും സജീവ രാഷ്ട്രീയ പ്രവർത്തകയുമാണ്. ഫിലിപ്പൈൻസിൻ്റെ മുൻ പ്രസിഡന്റായ റമൺ മഗ്സസെ ആ രാജ്യത്തിലെ കമ്മ്യൂണിസ്റ്റ് വേട്ടയ്ക്ക് നേതൃത്വം കൊടുത്ത വ്യക്തിയാണ്. അങ്ങനെയുള്ള ഒരാളുടെ പേരിലുള്ള അവാർഡാണിത്. ഈ കാരണങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് പുരസ്‌കാരം നിരസിക്കാനുള്ള തീരുമാനം കെ കെ ഷൈലജ കൈക്കൊണ്ടിരിക്കുന്നത്. ഇത് പാർടിയുടെ കൂട്ടായ തീരുമാനമാണെന്നും അദ്ദേഹം അറിയിച്ചു.