1500 ഓളം ഓണക്കാല പച്ചക്കറി വിപണികള്‍ സംഘടിപ്പിക്കാൻ സിപിഎം

സംസ്ഥാനത്ത്‌ വിഷരഹിത പച്ചക്കറിയുടെ ഉല്‍പാദനവും, സ്വയംപര്യാപ്‌തതയും ലക്ഷ്യമിട്ട്‌ സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ 2015 മുതല്‍ നടത്തി വരുന്ന സംയോജിത കൃഷി ക്യാമ്പയിനിന്റെ ഭാഗമായി 1500 ഓളം ഓണക്കാല വിപണികള്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.

കേരളം പച്ചക്കറി കൃഷിയുടെ രംഗത്ത്‌ മികച്ച മുന്നേറ്റത്തിനും സ്വയംപര്യാപ്‌തത കൈവരിക്കുന്നതിലേക്കും എത്തിക്കുന്നതിന്‌ സഹായിക്കുന്ന കാര്‍ഷിക ഇടപെടലിന്റെ ഭാഗമായാണ്‌ ജൈവകൃഷിക്യാമ്പയിന്‍ ആരംഭിച്ചത്‌. കര്‍ഷകസംഘത്തിന്റെയും മറ്റ്‌ ബഹുജന സംഘടനകളുടെയും നേതൃത്വത്തില്‍ സഹകരണബാങ്കുകളുടെയും, തദ്ദേശസ്ഥാപനങ്ങളുടെയും, സന്നദ്ധസംഘടനകളുടെയും സഹായത്തോടെയാണ്‌ ഓണ വിപണികള്‍ ഒരുക്കുന്നതെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

2022 സെപ്‌റ്റംബര്‍ 2 മുതല്‍ 7 വരെയുള്ള ദിവസങ്ങളിലാണ്‌ വിപണികള്‍ സംഘടിപ്പിക്കുന്നത്‌. വിപണിയുടെ സംസ്ഥാനതല ഉദ്‌ഘാടനം തിരുവനന്തപുരം, വെമ്പായത്ത്‌ പാർടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കും. മറ്റ്‌ ജില്ലകളില്‍ മന്ത്രിമാരും, ജനപ്രതിനിധികളും, രാഷ്‌ട്രീയ സാംസ്‌കാരിക നേതാക്കളും വിപണികളുടെ ഉദ്‌ഘാടനചടങ്ങില്‍ സംബന്ധിക്കുമെന്നും സിപിഎം അറിയിച്ചു.

04-Sep-2022