വാർഡ് പുനർനിർണയത്തിന്റെ ഭാഗമായാണ് മുസ്ലിം പേരുള്ള ഗ്രാമങ്ങളുടെ പേര് മാറ്റം
അഡ്മിൻ
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ മണ്ഡലമായ ഗോരഖ്‌പൂരിൽ മുസ്‌ലിം പേരുള്ള ഗ്രാമങ്ങളുടെ പേരുകൾ മാറ്റി വാർഡ് പുനർനിർണയം ചെയ്യുന്നു. ഗൊരക്പൂർ നഗരസഭയിൽ നടത്തിയ വാർഡ് പുനർനിർണയത്തിലാണ് പത്തിലേറെ ഗ്രാമങ്ങളുടെ പേരുമാറ്റിയത്. ഗോരഖ്‌പൂർ വാർഡുകളുടെ എണ്ണം 80 ആക്കി ഉയർത്തിക്കൊണ്ടാണ് പുനർനിർണയം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. മിയാ ബസാർ, മുഫ്തിപൂർ, അലിനഗർ, തുർക്ക്മാൻപൂർ, ഇസ്മായിൽപൂർ, റസൂൽപൂർ, ഹൂമയൂൺപൂർ നോർത്ത്, ഗോസിപൂർവ, ദാവൂദ്പൂർ, ജഫ്ര ബസാർ, ഖാസിപൂർ, ചക്‌സ ഹുസൈൻ, ഇലാഹി ബാഗ് തുടങ്ങിയ ഗ്രാമങ്ങളുടെ പേരാണ് മാറ്റിയത്. ഇലാഹിബാഗ്, ജഫ്ര ബസാർ, ഇസ്മായിൽപൂർ എന്നീ ഗ്രാമങ്ങൾ ഇനിമുതൽ യഥാക്രമം ബന്ധു സിങ് നഗർ, ആത്മരാം നഗർ, സാഹബ്ഗഞ്ച് എന്നീ പേരുകളിലായിരിക്കും അറിയപ്പെടുക. കരടുരേഖ പുറത്തിറക്കിയശേഷം അധികൃതർ പൊതുജനങ്ങളുടെ അഭിപ്രായം ചോദിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കകം അഭിപ്രായങ്ങൾ അറിയിച്ചിട്ട് ഔദ്യോഗികമായി തീരുമാനിക്കും. പുതിയ നീക്കത്തിൽ വിമർശനവുമായി സമാജ്‌വാദി പാർട്ടി, കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.