എം.എസ്.എഫ്, യൂത്ത് ലീഗ് അഴിച്ചുപണിയിൽ നേതാക്കൾക്കിടയിൽ ഭിന്നത
അഡ്മിൻ
എം.എസ്.എഫ്, യൂത്ത് ലീഗ് തുടങ്ങിയ മുസ്ലിം ലീഗ് പോഷക സംഘടനകളുടെ നേതൃത്വത്തിൽ നടന്ന അഴിച്ചുപണിയിൽ നേതാക്കൾക്കിടയിൽ അഭിപ്രായ വ്യത്യാസം. ഇ ടി മുഹമ്മദ് ബഷീറും മുഈനലി തങ്ങളും ഭാരവാഹി തെരഞ്ഞെടുപ്പിൽ അഭിപ്രായ വ്യത്യാസമറിയിച്ചു.
എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡണ്ട് ആക്കിയത് ഒരു പ്രവാസി വ്യവസായിയെ ആണ്. പെയ്‌മെന്റ് സീറ്റ് വിതരണമുണ്ടായെന്ന ആരോപണമാണ് ശക്തമായി ഉയരുന്നത്. നിലവിലുള്ള ഭാരവാഹികൾ പോലുമറിയാതെയാണ് പുതിയ യൂത്തലീഗി കമ്മിറ്റിയെ പ്രഖ്യാപിച്ചത്.
നേരത്തെ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട ആരോപണത്തിൽ സംഘടനയിൽനിന്നും സസ്‌പെൻഡ് ചെയ്ത സി.കെ സുബൈറിനെ വീണ്ടും യൂത്ത് ലീഗ് ദേശീയ നേതൃത്വത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രവാസി വ്യവസായിയായ കോഴിക്കോട് സ്വദേശി കാസിമാണ് എം.എസ.എഫ് ന്റെ പുതിയ വൈസ് പ്രസിഡന്റ്. ഇയാൾ എം.എസ്.എഫ് ന്റെ ഒരു കമ്മിറ്റിയിലും അംഗമായിരുന്നില്ല എന്നതാണ് വിമർശനം.
മലയാളിയായ അഡ്വ.വി.കെ.ഫൈസൽ ബാബുവിനെ യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറിയായും ടി.പി.അഷറഫലിയെ ഓർഗനൈസിംഗ് സെക്രട്ടറിയായും തെരഞ്ഞെടുത്തു. ചെന്നൈയിൽ ചേർന്ന ദേശീയ നിർവ്വാഹക സമിതി യോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. കേരളത്തിൽനിന്നുള്ള അഹമ്മദ് സാജു എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു.