അധ്യാപകദിന സന്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

ഇന്ന് അധ്യാപക ദിനത്തിൽ സന്ദേശം നൽകി സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ . അറിവും നൈപുണ്യവും കൈമുതലായ ഭാവിതലമുറയെ വാർത്തെടുക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നവരാണ് നമ്മുടെ അധ്യാപകർ. കേരളം കൈവരിച്ച സാമൂഹിക പുരോഗതിക്ക് പുറകിലും അധ്യാപകരുടെ വലിയ സംഭാവനകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നമ്മുടെ വിദ്യാഭ്യാസ മേഖല വലിയ മുന്നേറ്റങ്ങളുണ്ടാക്കിയത് അധ്യാപകരുടെ നിസ്വാർത്ഥ സേവനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ്. കേരളത്തെ വിജ്ഞാന സമ്പദ്വ്യവസ്ഥയാക്കി വാർത്തെടുക്കാൻ വിവിധ നടപടികൾ സ്വീകരിച്ചുവരികയാണ് എൽഡിഎഫ് സർക്കാർ. പൊതുവിദ്യാഭ്യാസ രംഗത്തിന്റെ വളർച്ചക്ക് ഈ സർക്കാർ വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി.

ഈ സർക്കാർ കാലയളവിൽ നമ്മുടെ വിദ്യാഭ്യാസ മേഖലയിലുണ്ടായ അഭൂതപൂർവമായ വളർച്ച നേടിയത് അധ്യാപകരുടെ സേവനത്തിന്റെ പിൻബലത്തിലാണ്. കോവിഡ് മഹാമാരി തീർത്ത പ്രതിബന്ധങ്ങളെ മറികടന്നും നമുക്ക് മുന്നേറാനായി. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടാനും ഇത് വഴിവെച്ചു.
അധ്യാപകരുടെ ഈ മഹത്തായ സേവനത്തെ ഓർമ്മിക്കാനും നമ്മുടെ വിദ്യാഭ്യാസ രംഗത്തെ മികവുറ്റതാക്കാൻ അവരെ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന ക്രിയാത്മക ചർച്ചകൾ ഉയർത്തിക്കൊണ്ടുവരാനും ഈ ദിവസം പ്രചോദനമാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.

കേരള സമൂഹത്തിന്റെ പുരോഗതിക്കായി പ്രയത്നിക്കുന്ന എല്ലാ അധ്യാപകർക്കും അഭിവാദ്യങ്ങൾ അർപ്പിച്ച അദ്ദേഹം, മികവിന്റെ കേന്ദ്രമായി കേരളത്തെ മാറ്റിയെടുക്കാൻ നമുക്കൊരുമിച്ചു മുന്നേറാം. ഈ അധ്യാപക ദിനം അതിനുള്ള ശക്തി പകരട്ടെയെന്നും കൂട്ടിച്ചേർത്തു.

05-Sep-2022