ദേശാഭിമാനിയുടെ എണ്‍പതാം വാര്‍ഷികാഘോഷത്തിന് കോഴിക്കോട്ട് ഇന്ന് തുടക്കം

ദേശാഭിമാനിയുടെ എണ്‍പതാം വാര്‍ഷികാഘോഷത്തിന്  കോഴിക്കോട്ട് ഇന്ന് തുടക്കം. എരഞ്ഞിപ്പാലം സരോവരം കാലിക്കറ്റ് ട്രേഡ് സെന്ററില്‍ പകല്‍ 2.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. ദേശാഭിമാനി ചരിത്രം മുഖ്യമന്ത്രി പ്രകാശിപ്പിക്കും. മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍ മുഖ്യാതിഥിയാകും.  ചടങ്ങില്‍ ദേശാഭിമാനിയുടെ ചരിത്രം മുഖ്യമന്ത്രി പിണറായി വിജയനും ജനറല്‍ മാനേജര്‍ കെ ജെ തോമസ് ദേശാഭിമാനി ഡയറക്ടറിയും പ്രകാശിപ്പിക്കും. ചീഫ് എഡിറ്റര്‍ പുത്തലത്ത് ദിനേശന്‍ അധ്യക്ഷനാകും. വിവിധ കലാപരിപാടികളും അരങ്ങേറും.

വാരികയില്‍ തുടങ്ങി കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, തൃശൂര്‍, മലപ്പുറം, പാലക്കാട്, ആലപ്പുഴ, കൊല്ലം എന്നിങ്ങനെ   പത്ത് എഡിഷനുകളിലേക്ക് വളര്‍ന്ന ദേശാഭിമാനി കാലാനുസൃതമായ എല്ലാ സാങ്കേതിക മാറ്റങ്ങളും അതത് സമയം തുറന്നമനസ്സോടെ  സ്വീകരിച്ചിട്ടുണ്ട്. മാധ്യമ രംഗത്ത്  ഓഫ്സെറ്റ് പ്രസ് ആദ്യം അവതരിപ്പിച്ചതും  ഡസ്‌ക് ടോപ്പ് പബ്ലിഷിങ് എന്ന അച്ചടി സാങ്കേതിക വിദ്യ ഉപയോഗിച്ച് ആദ്യം പത്രമിറക്കിയതും ദേശാഭിമാനിയാണ്. നൂതന സാങ്കേതിക വിദ്യകള്‍ ഉള്‍ക്കൊണ്ട് ഓണ്‍ലൈന്‍ പതിപ്പ്, യുട്യൂബ് ചാനല്‍ എന്നിവയിലൂടെയും  വാര്‍ത്ത ജനങ്ങളിലെത്തിക്കുന്നു. ശാസ്ത്രം, സ്പോര്‍ട്സ്, സാഹിത്യം, കലാ സാംസ്‌കാരികം, വിദ്യാഭ്യാസം എന്നിവയിലൂന്നിയ പേജുകള്‍ ദേശാഭിമാനിയുടെ സവിശേഷതയാണ്. കുട്ടികള്‍ക്ക് ശാസ്ത്രാവബോധം പകരുന്ന തത്തമ്മ ദ്വൈവാരിക ,  ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ പങ്കാളികളാവുന്ന ഏഷ്യയിലെ ഏറ്റവും വലിയ വിജ്ഞാനോത്സവമായ ‘അക്ഷരമുറ്റം ക്വിസ്’എന്നിവ ദേശാഭിമാനിയുടെ മാത്രം പ്രത്യേകതയാണ്.

06-Sep-2022