ഏറ്റവും കൂടുതൽ വിദേശയാത്ര നടത്തിയത് എം കെ മുനീർ

കഴിഞ്ഞ യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് മന്ത്രിമാർ നടത്തിയത് 231 വിദേശ യാത്രകൾ. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം കെ മുനീറാണ് ഏറ്റവും അധികം വിദേശ യാത്രകൾ നടത്തിയ ഉമ്മൻ‌ചാണ്ടി സർക്കാരിലെ അംഗം. സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന എം കെ മുനീർ വിദേശ നടത്തിയത് മുപ്പത്തിരണ്ട് തവണയാണ്. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ‌ചാണ്ടി ആറ് തവണ വിദേശ നടത്തിയിരുന്നു. ഇതിൽ മൂന്ന് തവണയും വിദേശ യാത്ര നടത്തിയത് സ്വകാര്യ ആവശ്യത്തിനാണ്.

ടൂറിസം മന്ത്രിയായിരുന്ന എ പി അനിൽ കുമാർ വിദേശ യാത്ര നടത്തിയത് ഇരുപത്തിയൊന്ന് തവണയാണ്. പൊതുമരാമത്ത് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞാണ് വിദേശത്തേക്ക് പറന്ന യുഡിഫ് മന്ത്രിമാരിൽ മൂന്നാം സ്ഥാനക്കാരൻ. പതിമൂന്ന് തവണയാണ് ഇബ്രാഹിംകുഞ്ഞ് വിദേശയാത്ര നടത്തിയത്.

ഉമ്മൻ‌ചാണ്ടി സർക്കാരിൽ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ പതിനൊന്ന്, വിദ്യാഭ്യാസ മന്ത്രിയായിരുന്ന പി കെ അബ്ദുറബ്ബ് പത്ത്, ഭക്ഷ്യ വകുപ്പ് മന്ത്രിയായിരുന്ന അനൂപ് ജേക്കബ് ഒൻമ്പത്, തിരുവഞ്ചൂർ രാധാകൃഷ്ണന് ശേഷം ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല ആറ്, നഗരകാര്യ വകുപ്പ് മന്ത്രി മഞ്ഞളാം കുഴി അലി അഞ്ച് തവണയും വിദേശത്തേക്ക് പറന്നപ്പോൾ ചീഫ് വിപ്പായിരുന്ന പി സി ജോർജ് വിദേശത്തേക്ക് പറന്നത് അഞ്ച് തവണയാണ്. സഹകരണ വകുപ്പ് മന്ത്രിയായിരുന്ന സി എൻ ബാലകൃഷ്ണൻ മാത്രമാണ് ഉമ്മൻ‌ചാണ്ടി സർക്കാരിൻ്റെ കാലത്ത് വിദേശ യാത്ര നടത്താത്ത ഏക മന്ത്രി.

14-Sep-2022