മനോരമയ്ക്കും മാതൃഭൂമിക്കും കോപ്പികളുടെ എണ്ണം കുറഞ്ഞപ്പോള്‍ വര്‍ധനയുണ്ടായത് ദേശാഭിമാനിക്ക് മാത്രമാണ്

കേരളത്തിലെ പ്രമുഖ പത്രങ്ങളായ  മലയാള മനോരമ, മാതൃഭൂമി എന്നിവയുടെ സര്‍ക്കുലേഷനില്‍ ഇടിവുണ്ടായതായി റിപ്പോര്‍ട്ട്.  രാജ്യത്തെ പത്രമാധ്യമങ്ങളുടെ പ്രചാരം കണക്കാക്കുന്ന ആധികാരികസ്ഥാപനമായ  എബിസിയുടെ റിപ്പോര്‍ട്ട് പ്രകാരം മനോരമയ്ക്കും മാതൃഭൂമിക്കും കോപ്പികളുടെ എണ്ണം  കുറഞ്ഞപ്പോള്‍ വര്‍ധനയുണ്ടായത് ദേശാഭിമാനിക്ക് മാത്രമാണ്.

മലയാള മനോരമയ്ക്ക് 2019നേക്കാള്‍  3,36,839 കോപ്പികളാണ് 2022 ആയപ്പോള്‍ കുറഞ്ഞത്. മാതൃഭൂമിക്കാകട്ടെ 1,72,245 കോപ്പിയും കുറഞ്ഞു. എന്നാല്‍ അതേസമയം ദേശാഭിമാനിക്ക് 54,237 കോപ്പികള്‍ വര്‍ധിക്കുകയാണുണ്ടായത്. 2019 ജൂലൈ മുതല്‍ ഡിസംബര്‍വരെയുള്ള കണക്കും ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍വരെയുള്ള കണക്കും താരതമ്യം ചെയ്യുമ്പോഴാണ് ദേശാഭിമാനിയുടെ കുതിപ്പ് വ്യക്തമാകുന്നത്.

കൊവിഡ് പശ്ചാത്തലത്തില്‍ 2020ലും 2021ലും എബിസി സര്‍വേ നടത്തിയിരുന്നില്ല. കൊവിഡിന് മുന്‍പും മനോരമയ്ക്ക് വരിക്കാരുടെ എണ്ണത്തില്‍ ഇടിവുണ്ടായിരുന്നു. 2019 ജൂണില്‍ ഉണ്ടായിരുന്നതിനേക്കാള്‍ 40,201 കോപ്പി അതേ വര്‍ഷം ഡിസംബറാകുമ്പോഴേക്ക് കുറഞ്ഞിരുന്നു.

25-Sep-2022