എ കെ ആൻ്റണി മുകുള്‍ വാസ്‌നികുമായി കൂടിക്കാഴ്ച നടത്തി

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാവ് മുകുള്‍ വാസ്‌നിക്കും മത്സരിച്ചേക്കുമെന്നു സൂചന.  ഔദ്യോഗിക സ്ഥാനാര്‍ത്ഥി പരിവേഷത്തില്‍ വാസ്‌നിക്കിനെ മത്സരിപ്പിക്കുന്നതിനായി ചര്‍ച്ചകള്‍ നടക്കുന്നുവെന്ന് എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്തു. മുതിര്‍ന്ന നേതാവ് എ കെ ആൻ്റണി മുകുള്‍ വാസ്‌നികുമായി കൂടിക്കാഴ്ച നടത്തി.  അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കില്ലെന്നു വ്യക്തമാക്കിയ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായും മുകുള്‍ വാസ്‌നിക് വൈകാതെ കൂടിക്കാഴ്ച നടത്തും.

ജി – 23 യുടെ ഭാഗമായി പാര്‍ട്ടിയില്‍ അഴിച്ചുപണി ആവശ്യപ്പെട്ട നേതാവാണ് മുകുള്‍ വാസ്‌നിക്. എന്നാല്‍ ഗാന്ധി കുടുംബവുമായി ഇപ്പോഴും അദ്ദേഹം അടുപ്പം സൂക്ഷിക്കുന്നുമുണ്ട്. കഴിഞ്ഞ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ജി 23 യിലെ പല നേതാക്കളും തഴയപ്പെട്ടപ്പോള്‍ വാസ്‌നികിന് രാജ്യസഭാ സീറ്റ് ലഭിച്ചു.  ജി 23 നേതാക്കള്‍ക്കും സ്വീകാര്യനാകുമെന്ന് കൂടി പരിഗണിച്ചാണ് മുകുള്‍ വാസ്‌നികിൻ്റെ പേര് ഇപ്പോള്‍ പരിഗണിക്കുന്നത്. മഹാരാഷ്ട്രയില്‍ നിന്നുള്ള ദലിത് നേതാവായ വാസ്‌നിക്  നരസിംഹറാവു സര്‍ക്കാരില്‍ കായികം, യുവജനകാര്യം, പാര്‍ലമെൻ്ററികാര്യം വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു. യുപിഎ സര്‍ക്കാരിലും മന്ത്രിയായിരുന്നു.

അധ്യക്ഷ സ്ഥാനത്തേക്ക്   ശശി തരൂരും ദിഗ്വിജയ് സിങ്ങുമാണ് നിലവില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിട്ടുള്ളത്. നാളെയാണ് നാമനിര്‍ദേശ പത്രിക നല്‍കാനുള്ള അവസാന ദിവസം. ഒക്ടോബര്‍ 17ന് തെരഞ്ഞെടുപ്പ് നടക്കും.

30-Sep-2022