കമ്യൂണിസ്റ്റ് മഹാരഥന്‍മാര്‍ അന്ത്യവിശ്രമം കൊള്ളുന്ന പയ്യാമ്പലത്താണ് കോടിയേരിക്കും ചിതയൊരുക്കിയിരിക്കുന്നത്

അന്തരിച്ച സിപിഎം പോളിറ്റ് ബ്യൂറോ അംഗവും സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന് കേരളം ഇന്ന് വിടചൊല്ലും. എകെജി, നായനാര്‍ ഉള്‍പ്പെടെയുള്ള കമ്യൂണിസ്റ്റ് മഹാരഥന്‍മാര്‍ അന്ത്യവിശ്രമം കൊള്ളുന്ന പയ്യാമ്പലത്താണ് കോടിയേരിക്കും ചിതയൊരുക്കിയിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരുടെയും മുന്‍ സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദൻ്റെയും സ്മൃതികുടീരങ്ങള്‍ക്ക് നടുവിലായാണ്  കോടിയേരിക്ക് ചിതയൊരുക്കുക. ഇരുവരും പാര്‍ടി സംസ്ഥാന സെക്രട്ടറിമാരായിരുന്നു. ഇവിടെ കോടിയേരിക്കായി  സ്മൃതിമണ്ഡപവും പണിയും.

കേരളം കണ്ട ഏക്കാലത്തെയും മികച്ച ആഭ്യന്തര മന്ത്രി കൂടിയായിരുന്ന കോടിയേരിയെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ്  സംസ്‌കരിക്കുക. വൈകീട്ട് മൂന്ന് മണിയോടെയാണ് സംസ്‌കാരം നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ കോടിയേരിയെ അവസാനമായി ഒരു നോക്കു കാണാന്‍ ഇപ്പോഴും ആയിരങ്ങള്‍ ഒഴുകിയെത്തുന്ന പശ്ചാത്തലത്തില്‍ സംസ്‌കാര ചടങ്ങുകള്‍ വൈകാനാണ് സാധ്യത.

സംസ്‌കാരത്തിന് ശേഷം നടക്കുന്ന അനുശോചനയോഗത്തില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗം  പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയന്‍, പാര്‍ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും.

പകല്‍ 10 മണി മുതല്‍ മാടപ്പീടികയില്‍ അദ്ദേഹത്തിൻ്റെ  വീട്ടിലും 11 മണി മുതല്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതു ദര്‍ശനമുണ്ടാകും. ശനിയാഴ്ച രാത്രി 8 മണിയോടെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ വച്ച് അന്തരിച്ച കോടിയേരിയുടെ മൃതദേഹം ഇന്നലെ ഉച്ചയോടെയാണ് കണ്ണൂരിലെത്തിച്ചത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് വിലാപയാത്രയായി തലശ്ശേരി ടൗണ്‍ ഹാളിലെത്തിച്ച മൃതദേഹത്തില്‍ പതിനായിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. തുടര്‍ന്ന് ഇന്നലെ രാത്രിയോടെ മൃതദേഹം മാടപ്പീടികയിലെ കോടിയേരിയുടെ സ്വന്തം വസതിയിലെത്തിച്ചു.

തലശേരി കോടിയേരിയില്‍ സ്‌കൂള്‍ അധ്യാപകനായിരുന്ന പരേതനായ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയമ്മയുടെയും മകനായി 1953 നവംബര്‍ 16നാണ് കോടിയേരിയുടെ ജനനം. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം മാഹി മഹാത്മാഗാന്ധി കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നു.  കോളേജ് യൂണിയന്‍ ചെയര്‍മാനായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ബിരുദവിദ്യാര്‍ഥിയായി. യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ഥിയായിരിക്കെ 1973ല്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി. 1979 വരെ ആ സ്ഥാനത്ത് തുടര്‍ന്നു.

1971ലെ തലശേരി കലാപകാലത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായി. സിപിഐ എം ബ്രാഞ്ച് സെക്രട്ടറി, ലോക്കല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച കോടിയേരി 1980-82ല്‍ ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു.1990-95ല്‍ സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. 1988ലെ ആലപ്പുഴ സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റി അംഗമായി. 1995ല്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായ കോടിയേരി 2002ല്‍ ഹൈദരാബാദ് 17-ാം പാര്‍ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമ്മിറ്റിയിലെത്തി. . 2008ലെ 19-ാം പാര്‍ടി കോണ്‍ഗ്രസില്‍ പിബി അംഗമായി.

അടിയന്തരാവസ്ഥയില്‍ അറസ്റ്റിലായ കോടിയേരി, ലോക്കപ്പില്‍ ക്രൂരമര്‍ദനത്തിന് ഇരയായി. മിസ പ്രകാരം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടയ്ക്കപ്പെട്ടു. കര്‍ഷകരുടെ ആവശ്യങ്ങളുന്നയിച്ച് നടത്തിയ റെയില്‍വേ സമരത്തില്‍ പൊലീസിന്റെ ഭീകരമര്‍ദനമേറ്റു. 1982ല്‍ തലശേരിയില്‍നിന്നാണ് ആദ്യമായി നിയമസഭാംഗമായത്. 1987, 2001, 2006, 2011ലും തലശേരിയെ പ്രതിനിധാനംചെയ്തു. 2006-11ല്‍ ആഭ്യന്തര, ടൂറിസം മന്ത്രിയായിരുന്നു. ജനമൈത്രി പൊലീസ് പദ്ധതി അക്കാലത്താണ് നടപ്പാക്കിയത്. 2001, 2011 പ്രതിപക്ഷ ഉപനേതാവായിരുന്നു. 

03-Oct-2022