ഒരുലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശിൽപവും അടങ്ങിയതാണ് പുരസ്ക്കാരം
അഡ്മിൻ
ഈ വർഷത്തെ വയലാര്‍ അവാർഡ് എസ് ഹരീഷിന്റെ ‘മീശ’ നോവലിന് . ഒരുലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശിൽപവും അടങ്ങിയതാണ് പുരസ്ക്കാരമെന്ന് വയലാർ മെമ്മോറിയൽ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരൻ അറിയിച്ചു. 46-ാമത് വയലാർ അവാർഡാണ് പ്രഖ്യാപിച്ചത്.
സാറാ ജോസഫ്, വി ജെ ജെയിംസ്, വി രാമൻകുട്ടി, എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് പുരസ്ക്കാര ജേതാവിനെ തെരഞ്ഞെടുത്തത്. വയലാർ രാമവർമ്മയുടെ ചരമദിനമായ ഒക്ടോബർ 27ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെെകിട്ട് 5.30നാണ് അവാർഡ് ദാനചടങ്ങ്.
ഹരീഷിന്റെ ആദ്യനോവലാണ് മീശ. അരനൂറ്റാണ്ട് മുമ്പുള്ള കേരളീയ ജാതിജീവിതത്തെ ദലിത് പശ്ചാത്തലത്തില്‍ ആവിഷ്‌കരിക്കുന്ന നോവല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു വരവേ, സമുദായ സംഘടനകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. പിന്നീട് 2018ല്‍ ഡി.സി ബുക്‌സ് നോവല്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. ഹരീഷ് കോട്ടയം നീണ്ടൂർ സ്വദേശിയാണ്.
രസവിദ്യയുടെ ചരിത്രം, ആദം, അപ്പൻ (കഥാസമാഹാരങ്ങൾ), ആഗസ്റ്റ് 17 (നോവൽ), ഗൊഗോളിന്റെ കഥകൾ (വിവർത്തനം) തുടങ്ങിയവയാണ് മറ്റ് കൃതികൾ. കേരള സാഹിത്യ അക്കാദമിയുടെ ചെറുകഥ, നോവൽ പുരസ്കാരങ്ങൾ, സംസ്ഥാന യുവജന ക്ഷേമബോർഡിന്റെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമിയുടെ ഗീതാഹിരണ്യൻ എൻഡോവ്മെന്റ്, തോമസ് മുണ്ടശ്ശേരി കഥാപുരസ്‌കാരം, വി.പി. ശിവകുമാർ സ്മാരക കേളി അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ഏദൻ സിനിമയുടെ തിരക്കഥാകൃത്താണ്.