മുസ്ലിം ലീഗ് സംസ്ഥാനം സെക്രട്ടറി കെ എം ഷാജിയിൽ നിന്ന് പിടിച്ചെടുത്ത പണത്തിന് ഷാജി രേഖ നൽകിയില്ലെന്ന് വിജിലൻസ് എതിർസത്യവാങ്മൂലം നൽകും. വിജിലൻസ് പിടിച്ചെടുത്ത പണം തിരികെ ആവശ്യപ്പെട്ട് കെ എം ഷാജി സമർപ്പിച്ച ഹർജിയിലാണ് വിജിലൻസ് എതിർ സത്യവാങ്മൂലം നൽകുക. കണ്ടെടുത്ത 47 ലക്ഷത്തിന് കൃത്യമായ രേഖ സമർപ്പിക്കാൻ ഷാജിക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് വിജിലൻസ് വാദം. കണ്ണൂരിലെ വീട്ടിൽ നിന്ന് പിടികൂടിയ 47 ലക്ഷം രൂപ തിരികെ ആവശ്യപ്പെട്ടാണ് ഷാജി കോഴിക്കോട് വിജിലൻസ് കോടതിയെ സമീപിച്ചത്.
വിജിലൻസ് പിടിച്ചെടുത്ത പണം തെരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് ഷാജിയുടെ വാദം. എന്നാൽ പണം തിരികെ നൽകുന്നത് അനധികൃത സ്വത്ത് സമ്പാദന കേസിനെ ബാധിക്കുമെന്ന നിലപാടിലാണ് വിജിലൻസ്. അഴീക്കോട് എംഎൽഎയായിരിക്കെ 2016 ൽ കെ എം ഷാജി അഴീക്കോട് സ്കൂളിൽ പ്ലസ് ടു അനുവദിക്കാൻ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിൽ 2018 ഏപ്രിലിലാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്. ഷാജി കോഴ വാങ്ങിയതായി ആദ്യം ആരോപണം ഉന്നയിച്ചത് മുൻ മുസ്ലിം ലീഗ് നേതാവാണ്. ‘
കഴിഞ്ഞ ഏപ്രിലിൽ ഷാജിയുടെ ഭാര്യ ആശാഷാജിയുടെ 25 ലക്ഷത്തിന്റെ സ്വത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. കോഴിക്കോട് വേങ്ങേരിയിലെ വീടാണ് കണ്ടു കെട്ടിയിരുന്നത്. കോഴയായി ലഭിച്ച 25 ലക്ഷം രൂപ വീട് നിർമ്മാണത്തിന് ഉപയോഗിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. അഴീക്കോട് സ്കൂളിലെ ഒരു അധ്യാപകനെ സ്ഥിരപ്പെടുത്താനും ഷാജി കോഴ വാങ്ങിയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു.