2014 ൽ ആയിരുന്നു നിലമ്പൂർ ബ്ലോക്ക് കോൺഗ്രസ് ഓഫിസ് ജീവനക്കാരി രാധയെ കോൺഗ്രസ് ഓഫീസിൽ വച്ച് കൊലപ്പെടുത്തിയത്

നിലമ്പൂർ രാധാ വധക്കേസിലെ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഒന്നാം പ്രതി ബിജു നിവാസിൽ ബി കെ ബിജു, രണ്ടാം പ്രതി കന്നശേരി ഷംസുദ്ദീൻ എന്നിവരെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെയാണ് സർക്കാർ അപ്പീൽ നൽകിയിരുന്നത്. സാഹചര്യ തെളിവുകൾ ശരിയായി വിലയിരുത്താതെയാണ് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടതെന്ന് ഹർജിയിൽ സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.

പ്രതികൾക്കെതിരായ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം മാർച്ചിലാണ് ഹൈക്കോടതി രണ്ട് പ്രതികളെയും വെറുതെ വിട്ടത്.  2015 ൽ രണ്ട് പ്രതികളും കുറ്റക്കാരാണെന്നായിരുന്നു മഞ്ചേരി അഡീഷണൽ സെഷൻസ് കോടതിയുടെ വിധി. തുടർന്ന് പ്രതികൾക്ക് ജീവപര്യന്തം തടവും ശിക്ഷ വിധിച്ചു. ഈ വിധിക്കെതിരെ പ്രതികൾ ഹൈക്കോടതിയിൽ നൽകിയ അപ്പീലിലായിരുന്നു  ഇവരെ കോടതി വെറുതെ വിട്ടത്.  അന്തരിച്ച മുൻ മന്ത്രി ആര്യാടൻ മുഹമ്മദിൻ്റെ  പേഴ്‌സൺ സ്റ്റാഫ് അംഗമായിരുന്നു ഒന്നാം പ്രതി ബിജു.

2014 ൽ ആയിരുന്നു നിലമ്പൂർ ബ്ലോക്ക് കോൺഗ്രസ് ഓഫിസ് ജീവനക്കാരി രാധയെ കോൺഗ്രസ് ഓഫീസിൽ വച്ച് കൊലപ്പെടുത്തിയത്.  2014 ഫെബ്രുവരി അഞ്ച് മുതൽ കാണാതായ രാധയുടെ മൃതദേഹം ഫെബ്രുവരി 10ന് ചുള്ളിയോട് ഉണ്ണിക്കുളത്ത് കുളത്തിൽ കണ്ടെത്തുകയായിരുന്നു. രാധയുടെ ആഭരണങ്ങൾ ഷംസുദ്ദീനിൽ നിന്ന് കണ്ടെത്തിയിരുന്നു. രാധയുടെ വസ്ത്രങ്ങൾ കത്തിച്ചുകളയുകയും ചെരിപ്പ് ഉപേക്ഷിക്കുകയും മൊബൈൽ ഫോൺ സിം നശിപ്പിച്ച ശേഷം പല ഭാഗങ്ങളാക്കി വലിച്ചെറിയുകയും ചെയ്തിരുന്നു. ടവർ ലൊക്കേഷൻ തിരിച്ചറിയാതിരിക്കാൻ അങ്ങാടിപ്പുറം വരെ കൊണ്ടുപോയതിനു ശേഷമാണ് ഫോൺ ഉപേക്ഷിച്ചത്.

10-Oct-2022