‘ഒരു രാജ്യം, ഒരു ഭാഷ’ എന്ന ആർഎസ്‌എസ്‌ അജൻഡയാണ്‌

‘ഒരു രാജ്യം, ഒരു ഭാഷ’ എന്ന ആർഎസ്‌എസ്‌ അജൻഡയാണ്‌ ഹിന്ദി അടിച്ചേൽപ്പിക്കൽ നീക്കത്തിലൂടെ മോദി സർക്കാർ ലക്ഷ്യമിടുന്നത്. കേന്ദ്രസർക്കാർ ജോലിക്ക്‌ ഹിന്ദി നിർബന്ധമാക്കാനും റിക്രൂട്ട്‌മെന്റ്‌ പരീക്ഷയും അധ്യയനവും ഹിന്ദിയിലാക്കാനുമാണ്‌ നീക്കം. ഇതടക്കം 112 ശുപാർശയാണ്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ അധ്യക്ഷനായ പാർലമെന്റിന്റെ ഔദ്യോഗിക ഭാഷാസമിതി രാഷ്‌ട്രപതിക്ക്‌ സമർപ്പിച്ചത്‌. 2014 മുതൽ മറ്റെല്ലാ പ്രാദേശിക ഭാഷകളെയും അവഗണിച്ച്‌ ഹിന്ദിക്കുമാത്രം പ്രോത്സാഹനം നൽകുകയാണ്‌ ബിജെപി സർക്കാർ.

പ്രാദേശിക ഭാഷയ്‌ക്ക്‌ പണമില്ല

ഇത്തവണത്തെ കേന്ദ്രബജറ്റിൽ  പ്രാദേശിക ഭാഷകളുടെ വികസനത്തിനോ പ്രചാരത്തിനോ കൂടുതൽ തുകയില്ല. 2019-–-2020ൽ 561.47 കോടി രൂപ അനുവദിച്ചിടത്ത്‌ 2022–-23ൽ 250 കോടിയായി വെട്ടിക്കുറച്ചു. 2020ലെ കണക്കനുസരിച്ച്‌ ശ്രേഷ്‌ഠ ഭാഷ പദവിയുള്ള തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഒഡിയ ഭാഷകൾക്ക്‌ ആകെ അനുവദിച്ചത്‌ 29 കോടിമാത്രം. ഇതിൽ മലയാളം, ഒഡിയ ഭാഷകൾക്ക്‌  ഇതുവരെ പ്രത്യേക ഫണ്ടോ മികവിന്റെ കേന്ദ്രമോ ഇല്ല.

അതേസമയം, സംസ്‌കൃതത്തിനുമാത്രം 2020ലെ കണക്കനുസരിച്ച്‌ 643.84 കോടി മൂന്നുവർഷത്തിനുള്ളിൽ ചെലവഴിച്ചു. മാനവ വിഭവശേഷി മന്ത്രാലയം രൂപീകരിച്ച രാഷ്ട്രീയ സംസ്കൃത സൻസ്ഥാൻ വഴിയാണ്‌ ആർഎസ്‌എസ്‌ അജൻഡ നടപ്പാക്കൽ.  2019 മുതൽ ഓരോ വർഷവും 74.45 കോടി ഹിന്ദിക്കായി നീക്കിവയ്‌ക്കുന്നെന്ന്‌ കേന്ദ്രസർക്കാർ പാർലമെന്റിൽ അറിയിച്ചു.

വിദ്യാഭ്യാസരംഗത്തും ആശങ്ക

ഇംഗ്ലീഷിനുപകരം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിന്ദി പ്രധാനഭാഷയാക്കുന്നത്‌ കടുത്ത ആശങ്കയാണ്‌ ഉയർത്തുന്നത്‌. വിദ്യാർഥികളുടെ വിദേശ ജോലി സാധ്യതകൾ അടയും. ഹിന്ദിയിതര മേഖലകളിൽനിന്നുള്ള വിദ്യാർഥികൾക്ക്‌ ഉന്നതസ്ഥാപനങ്ങളിൽ പഠനവും ബുദ്ധിമുട്ടാകും. അതേസമയം, യുപിയിൽ ഈ വർഷം പത്ത്‌, പന്ത്രണ്ട്‌ ക്ലാസുകളിൽ ഹിന്ദി പരീക്ഷയിൽ പരാജയപ്പെട്ടത്‌ 7.9 ലക്ഷം വിദ്യാർഥികൾ. അടിസ്ഥാന ചോദ്യങ്ങളുടെ ഉത്തരങ്ങൾപോലും വിദ്യാർഥികൾ തെറ്റിച്ചെന്ന്‌  അധ്യാപകരെ ഉദ്ധരിച്ച്‌ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തിരുന്നു.

11-Oct-2022