വീട്ടിൽ അതിക്രമിച്ചുകയറിയും പലയിടങ്ങളിലെത്തിച്ചും ബലാത്സംഗം ചെയ്‌തു

അധ്യാപികയെ പീഡിപ്പിച്ച കേസിൽ കോൺഗ്രസ്‌ നേതാവ്‌ എൽദോസ്‌ കുന്നപ്പിള്ളി എംഎൽഎക്കെതിരെ ബലാത്സംഗക്കുറ്റം. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചാണ്‌ 376 (2) എൻ വകുപ്പ്‌ ചുമത്തിയത്‌. സ്ത്രീയെ ഒന്നിലധികം തവണ ബലാത്സംഗം ചെയ്യുന്ന കേസുകളിലാണ്‌ ഈ വകുപ്പ്‌ ചുമത്തുന്നത്‌. ചുരുങ്ങിയത്‌ പത്തുവർഷം തടവുശിക്ഷ ലഭിക്കാം. നേരത്തേ കോവളം പൊലീസ്‌ രജിസ്റ്റർ ചെയ്‌ത കേസിനൊപ്പമാണ്‌ ഇതും.

പത്തുവർഷമായി പരിചയമുണ്ടായിരുന്ന തന്നെ എംഎൽഎ നിരവധി തവണ പീഡിപ്പിച്ചതായി യുവതി വഞ്ചിയൂർ കോടതിയിലെ മജിസ്‌ട്രേട്ടിനു മുന്നിൽ മൊഴി നൽകിയിരുന്നു. കേസ്‌ ഏറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച്‌ അസി. കമീഷണർ ബി അനിൽകുമാറിന്റെ നേതൃത്വത്തിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തി. വിവാഹവാഗ്‌ദാനം നൽകി തിരുവനന്തപുരത്തെ പള്ളിയിൽ എത്തിച്ച്‌ സ്വർണക്കുരിശു മാല ചാർത്തി. പിന്നീട്‌ വീട്ടിൽ അതിക്രമിച്ചു കയറിയും പലയിടങ്ങളിൽ എത്തിച്ചും എംഎൽഎ ബലാത്സംഗം ചെയ്‌തെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്‌. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ ബലാത്സംഗക്കുറ്റം ചുമത്തിയത്‌.

തൈക്കാട്‌ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ എത്തിച്ച യുവതിയെ മെഡിക്കൽ പരിശോധനയ്‌ക്ക്‌ വിധേയയാക്കി. കോവളം പൊലീസ്‌ രജിസ്റ്റർ ചെയ്‌ത കേസിനൊപ്പം ബലാത്സംഗക്കുറ്റവും ചുമത്തിയതായി ജില്ലാ ക്രൈംബ്രാഞ്ച്‌ നെയ്യാറ്റിൻകര ജെഎഫ്‌സിഎം കോടതിയെ അറിയിച്ചു. എംഎൽഎക്ക്‌ എതിരായ കേസ്‌ സംബന്ധിച്ച്‌   സ്പീക്കർക്കും കത്തുനൽകിയിട്ടുണ്ട്‌.

അന്വേഷണത്തിന്റെ ഭാഗമായി യുവതിയുടെ വീട്ടിലും പീഡനം നടന്നതായി മൊഴിയിൽ പറഞ്ഞ സ്ഥലങ്ങളിലും എത്തി പൊലീസ്‌ വിവരം ശേഖരിക്കും. പീഡനവും മർദനവും നടന്നതായി പറയുന്ന ദിവസം എംഎൽഎ കോവളം ഗസ്റ്റ്‌ഹൗസിൽ മുറി എടുത്തിരുന്നതിന്റെയും അവിടെ എത്തിയതിന്റെയും തെളിവ്‌ പുറത്തുവന്നു.

യുവതിയുടെ ഫോൺ അടക്കമുള്ള തെളിവും പൊലീസ്‌ ശേഖരിച്ചിട്ടുണ്ട്‌. ഫോൺ ഫോറൻസിക്‌ വിഭാഗത്തിന്‌ കൈമാറും. ഇവരുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള അപേക്ഷയും കോടതിക്ക്‌ കൈമാറി.എംഎൽഎയുടെ രാജി ആവശ്യപ്പെടാതെ സംരക്ഷിക്കുന്ന നിലപാടാണ്‌ കോൺഗ്രസ്‌ നേതൃത്വം സ്വീകരിക്കുന്നത്‌. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന ശനിയാഴ്‌ചവരെ കൃത്യമായ നിലപാട്‌ സ്വീകരിക്കാതെ മുന്നോട്ടുപോകാനാണ്‌ നേതൃത്വത്തിന്റെ നീക്കം.

14-Oct-2022