കള്ളക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷ് ബിജെപിയുടെ ദത്തുപുത്രിയാണ്

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിൻ്റെ ആരോപണങ്ങള്‍ തള്ളി മുന്‍ ധനമന്ത്രി തോമസ് ഐസക്. സാമാന്യ യുക്തിക്ക് നിരക്കാത്തതാണ് തനിക്കെതിരായ  സ്വപ്‌നയുടെ ആരോപണങ്ങളെന്ന്  തോമസ് ഐസക് പറഞ്ഞു. സ്വബോധമുള്ള എതെങ്കിലും മന്ത്രി വേണ്ടത്ര താമസ സൗകര്യം പോലുമില്ലാത്ത മൂന്നാര്‍ പോലെയുള്ള ഒരു ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക്  ക്ഷണിക്കുമോയെന്ന് ഐസക് ചോദിച്ചു.

ഒരു ഉച്ചഭക്ഷണപരിപാടിക്കിടെയാണ് മൂന്നാറിലേക്ക് ക്ഷണിച്ചതെന്നാണ് സ്വപ്‌ന പറയുന്നത്. ആ പരിപാടിയില്‍ ഇരുപതോളം പേര്‍ പങ്കെടുത്തതായും ഐസക് ചൂണ്ടിക്കാട്ടി.  ചിരിച്ചും സ്‌നേഹത്തോടെയുമാണ്  ആരു വന്നാലും അവരോട് സംസാരിക്കാറുള്ളത്. മന്ത്രിയായിരിക്കെ ഒരിക്കല്‍പ്പോലും താന്‍  മൂന്നാറില്‍ പോയിട്ടില്ലെന്നും ഐസക് വ്യക്തമാക്കി.

കള്ളക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷ് ബിജെപിയുടെ ദത്തുപുത്രിയാണ്. സിപിഎം നേതാക്കളെ തോജോവധം ചെയ്യുകയാണ് അവരുടെ  ലക്ഷ്യം. അതിനായുള്ള തിരക്കഥയില്‍ എൻ്റെ  പേര് ബോധപൂര്‍വം ഉള്‍പ്പെടുത്തുകയായിരുന്നു.  ഇതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ അജണ്ടയാണ്. രാഷ്ട്രീയ അജണ്ടയെ രാഷ്ട്രീയമായി നേരിടും. വ്യക്തിപരമായി നിയമ നടപടികള്‍ സ്വീകരിക്കണമോയെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും ഐസക് കൂട്ടിച്ചേര്‍ത്തു.

24-Oct-2022