കണ്ണൂരിൽ നിന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റായ ഒരേയൊരു നേതാവ് കൂടിയായിരുന്നു

പ്രമുഖ കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനി അന്തരിച്ചു. 11:30 ഓടെയായിരുന്നു മരണം. ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലായിരുന്നു. തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന്, വീട്ടിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ഒക്ടോബർ 19ന് രാത്രി പതിനൊന്നു മണിയോടെയാണ് കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ നിന്നും വിരമിച്ച വിദഗ്ധ ഡോക്ടർമാരുടെതടക്കമുള്ള നിർദേശ പ്രകാരം ചികിത്സ തുടരുകയായിരുന്നു.

പാച്ചേനി സർക്കാർ എൽപി സ്കൂളിൽ പ്രാഥമിക പഠനത്തിനു ശേഷം ഇരിങ്ങൽ യുപി സ്കൂൾ, പരിയാരം സർക്കാർ ഹൈസ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കണ്ണൂർ എസ്എൻ കോളജിൽ നിന്ന് പ്രീഡിഗ്രിയും പയ്യന്നൂർ കോളജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദവും നേടി. കണ്ണൂർ സർക്കാർ പോളിടെക്നിക്കിൽ നിന്ന് മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമ നേടി.

പരിയാരം ഹൈസ്കൂൾ പഠിക്കുമ്പോൾ ആദ്യമായി രൂപീകരിക്കപ്പെട്ട കെ.എസ്.യു യൂണിറ്റിൻ്റെ പ്രസിഡന്റായി. പിന്നീട് കണ്ണൂർ പോളിടെക്നിക്കിലും കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായി. കെ.എസ്.യു താലൂക്ക് സെക്രട്ടറി, കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. കണ്ണൂരിൽ നിന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റായ ഒരേയൊരു നേതാവ് കൂടിയായിരുന്നു അദ്ദേഹം.

2001 മുതൽ തുടർച്ചയായ 11 വർഷം കെപിസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. 2016 ഡിസംബർ മുതൽ 2021 വരെ കണ്ണൂർ ഡിസിസി പ്രസിഡന്റായി.

27-Oct-2022