മെഡിക്കൽ കോളേജിന് സമീപത്തെ കോർപറേഷൻ കെട്ടിടം ബിജെപി പ്രവർത്തകർ അടിച്ചുതകർത്തു. പ്രവേശന കവാടവും മറ്റ് ഉപകരണങ്ങളും നശിപ്പിച്ചു. കെട്ടിടത്തിന് മുന്നിൽ കരി ഓയിലും ഒഴിച്ചു. തിങ്കൾ പകൽ പന്ത്രണ്ടരയോടെ മാർച്ച് നടത്താനെന്ന പേരിൽ എത്തിയ മുപ്പതോളം ബിജെപിക്കാരാണ് കെട്ടിടം തകർത്തത്. തടയാനെത്തിയ പൊലീസുകാർക്കുനേരെയും കരിഓയിൽ ഒഴിച്ചു.
ആക്രമണം നടത്തിയ 11 പേരെ അറസ്റ്റ് ചെയ്തു. പൊതുമുതൽ നശിപ്പിച്ചതിനും പൊലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും ഇവർക്കെതിരേ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്ത് റിമാൻഡ് ചെയ്തു. കണ്ടാലറിയുന്ന 25 പേർക്കെതിരെയും കേസെടുത്തു. ഒന്നരലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി അധികൃതർ പറഞ്ഞു.
മെഡിക്കൽ കോളേജിലെത്തുന്ന നിർധന രോഗികൾക്ക് കുറഞ്ഞ ചെലവിൽ താമസിക്കാനുള്ള സൗകര്യമൊരുക്കുന്ന കോർപറേഷന്റെ പഴയ കെട്ടിടമാണിത്. ഒന്നരമാസം മുമ്പുവരെ കെട്ടിടം പ്രവർത്തിച്ചിരുന്നു. മുൻപ് ഇ കെ നായനാർ ചാരിറ്റബിൾ ട്രസ്റ്റ് വാടകയ്ക്ക് പ്രവർത്തിച്ചിരുന്നതും ഇവിടെയാണ്.
പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷനും മെഡിക്കൽ കോളേജ് കൗൺസിലറുമായ ഡി ആർ അനിലിന്റെ ഓഫീസാണെന്ന് ആരോപിച്ചാണ് ബിജെപി പ്രവർ ത്തകരുടെ അതിക്രമം. കൗൺസിലർ ഓഫീസ് ഇവിടെ പ്രവർത്തിക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞിട്ടും ബിജെപി പ്രവർത്തകർ ഇവിടേക്ക് മാർച്ച് നടത്തുകയായിരുന്നു. അക്രമികളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കൂടുതൽ ബിജെപിക്കാർ ആക്രോശിച്ച് എത്തിയെങ്കിലും പൊലീസ് വിരട്ടിയോടിച്ചു. മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് ജയ രാജീവ്, വൈസ് പ്രസിഡന്റ് ബീന, മിനി, അഭിജിത്, ഹരിലാൽ മണികണ്ഠൻ, പ്രതാപൻ, നന്ദു, അജിതകുമാരി, അഞ്ജന, ലതിക പ്രദീപ് എന്നിവരാണ് അറസ്റ്റിലായത്.