തിരിച്ചടിച്ച് സുധാകരൻ

ആർഎസ്‌എസ്‌ അനുകൂല നിലപാടും ലീഗിന്റെ എതിർപ്പും ഉയർത്തി കെപിസിസി പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ കെ സുധാകരനെ മാറ്റാനുള്ള നീക്കം ശക്തമായതോടെ തിരിച്ചടിയുമായി മറുപക്ഷവും രംഗത്ത്‌. കെ സി വേണുഗോപാലും വി ഡി സതീശനും ചേർന്നുള്ള ചരടുവലിക്ക്‌ പഴയ എ, ഐ വിഭാഗ നേതാക്കളുടെയും പിന്തുണയുണ്ട്‌. എന്നാൽ, സതീശൻ ഇടപെട്ട്‌ തീരുമാനിച്ച മഹിളാ കോൺഗ്രസ്‌ ഭാരവാഹിപ്പട്ടിക തള്ളി സുധാകരൻ തിരിച്ചടിയും തുടങ്ങി.

ദേശീയ പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗെയെ സന്ദർശിച്ച വി ഡി സതീശൻ സുധാകരനെതിരെ പരാതി ഉന്നയിച്ചുവെന്ന്‌ പ്രചാരണമുണ്ടായിരുന്നു. സുധാകരന്റെ ആർഎസ്‌എസ്‌ പ്രസ്താവനകളും തരൂരിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടും ഖാർഗെയെ പ്രകോപിപ്പിച്ചേക്കുമെന്നാണ്‌ കരുതിയത്‌. എന്നാൽ, കെ മുരളീധരൻ, ശശി തരൂർ, രമേശ്‌ ചെന്നിത്തല തുടങ്ങിയവർ സതീശന്റെ എതിർപക്ഷത്ത്‌ നിലയുറപ്പിച്ചു. മാറ്റിയാൽ ഒപ്പമുള്ളവരെയുംകൊണ്ട്‌ സുധാകരൻ ബിജെപിയിൽ ചേക്കേറാൻ മടിക്കില്ലെന്നതിനാൽ പരീക്ഷണത്തിന്‌ ഹൈക്കമാൻഡും തയ്യാറായേക്കില്ല.

മുമ്പ്‌ പ്രതിപക്ഷ നേതാക്കൾ മുൻമുഖ്യമന്ത്രിമാർ ആയിരുന്നതിനാൽ പാർടിയിലും അവർക്കായിരുന്നു മേൽക്കൈ. ജൂനിയറായ സതീശൻ വന്നതോടെ അതില്ലാതായി. കെപിസിസി ഭാരവാഹികളെ നിശ്ചയിക്കുന്നതിലും ഡിസിസികളുടെ പുനഃസംഘടനയിലും സുധാകരന്റെ തീരുമാനത്തിനാണ്‌ പിന്തുണ. ഒപ്പമില്ലാത്ത ആറ്‌ ഡിസിസി പ്രസിഡന്റുമാരെ മാറ്റാനും നീക്കംതുടങ്ങി. ഈ സാഹചര്യത്തിൽ വി ടി ബൽറാമിനെപ്പോലെ ഏതെങ്കിലും യുവനേതാവിനെ പ്രസിഡന്റാക്കി പാർടിയെയും കൈയിലൊതുക്കാനുള്ള സതീശന്റെ നീക്കമാണ്‌ പാളിപ്പോകുന്നത്‌.

തലസ്ഥാന ജില്ലയിൽ ഏറ്റവും ജൂനിയറായ വനിതയെ അധ്യക്ഷയാക്കിയതടക്കമുള്ള മഹിളാ കോൺഗ്രസ്‌ പട്ടിക കെപിസിസി പ്രസിഡന്റിനെ കാണിച്ചിരുന്നില്ല. ജെബി മേത്തറും സതീശനും ചേർന്ന്‌ ഹൈക്കമാൻഡിന്‌ അയച്ച പട്ടികയാണ്‌ സുധാകരൻ പൊളിച്ചത്‌.

21-Dec-2022