നാഗ്പൂരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനെത്തിയ കേരളാ ടീം അംഗമാണ് ഭക്ഷ്യ വിഷബാധയെ തുടർന്ന് മരിച്ചത്

നിദ ഫാത്തിമയുടെ മരണം അതീവ ദുഃഖകരമെന്ന് കായികമന്ത്രി വി.അബ്ദുറഹ്മാൻ. അസോസിയേഷനുകളുമായി ബന്ധപ്പെട്ട തർക്കത്തിൽ കർശന നടപടി സ്വീകരിക്കാനാണ് ​സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കുട്ടിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ എല്ലാ നടപടികളും സ്വീകരിച്ചതായി കായിക മന്ത്രി അറിയിച്ചു. കുട്ടിയുടെ രക്ഷിതാക്കൾക്ക് അങ്ങോട് പോകാനുള്ള എല്ലാസൗകര്യങ്ങളും ഒരുക്കാൻ നിലവിൽ നിർദേശം നൽകിയിട്ടുണ്ട്. ഇനിയും ആവശ്യമുള്ള എന്തുകാര്യങ്ങളും ചെയ്യാൻ സർക്കാർ സന്നദ്ധമാണെന്ന് അവരെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് രാവിലെയാണ് നിദ ഫാത്തിമ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ആ സമയം തന്നെ ബന്ധപ്പെട്ട ആളുകളുമായി സംസാരിച്ചു. സംഘാടകരെ ഉൾപ്പെടെ വിളിച്ചു. കേരള സ്പോർട്സ് കൗൺസിൽ അം​ഗീകരിച്ച ക്ലബിലാണ് ഈ കുട്ടിയും ഉൾപ്പെട്ടിട്ടുള്ളത്. പക്ഷേ ഈ മത്സരത്തിൽ പങ്കെടുക്കാനെത്തിയ ഇവർക്ക് കോടതിയെ സമീപിക്കേണ്ടി വന്നു. കോടതി അനുമതി കിട്ടിയ ശേഷമാണ് മത്സരത്തിൽ പങ്കെടുക്കാനായത്. അസോസിയേഷനുകൾ തമ്മിലുള്ള പ്രശ്നത്തിൻ്റെ പേരിലാണ് ഇവർക്ക് കോടതിയിൽ പോകേണ്ടി വന്നത്.

നാഗ്പൂരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനെത്തിയ കേരളാ ടീം അംഗമാണ് ഭക്ഷ്യ വിഷബാധയെ തുടർന്ന് മരിച്ചത്. ആലപ്പുഴ അമ്പലപ്പുഴ സ്വദേശി പത്തുവയസുകാരി നിദ ഫാത്തിമയെ ഛർദ്ദിയെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. ദേശീയ ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനെത്തിയ നിദയടക്കമുള്ള കേരള താരങ്ങൾ നേരിട്ടത് കടുത്ത അനീതിയാണെന്നാണ് വിവരം. സംസ്ഥാനത്ത് നിന്ന് കോടതി ഉത്തരവിലൂടെയാണ് നിദയുൾപ്പെട്ട സംഘം മത്സരത്തിനെത്തിയത്. എന്നാൽ ഇവർക്ക് താമസ, ഭക്ഷണ സൗകര്യം ദേശീയ ഫെഡറേഷൻ നൽകിയില്ല. രണ്ട് ദിവസം മുൻപ് നാഗ്പൂരിൽ എത്തിയ ടീം താത്കാലിക സൗകര്യങ്ങളിലാണ് കഴിഞ്ഞത്. മത്സരിക്കാൻ മാത്രമാണ് കോടതി ഉത്തരവെന്നും മറ്റ് സൗകര്യങ്ങൾ നൽകില്ലെന്നും ഫെഡറേഷൻ അറിയിക്കുകയായിരുന്നു.

23-Dec-2022