16 മാസത്തെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്‌മാ നിരക്കാണിത്‌

മോദി ഭരണത്തിൽ രാജ്യത്ത്‌ തൊഴിലില്ലായ്‌മ കുതിച്ചുയരുന്നു. സെന്റർ ഫോർ മോണിറ്ററിങ്‌ ഇന്ത്യൻ ഇക്കണോമി പുറത്തുവിട്ട കണക്കുപ്രകാരം  ഡിസംബറിൽ രാജ്യത്തെ തൊഴിലില്ലായ്‌മാ നിരക്ക്‌ 8.3 ശതമാനം.16 മാസത്തെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്‌മാ നിരക്കാണിത്‌.  എന്നാൽ, കേരളത്തിൽ ഇത്‌ വലിയതോതിൽ കുറഞ്ഞു.2016 ഫെബ്രുവരിയിൽ 22.5 ശതമാനമായിരുന്നത്  2022 ഡിസംബറിൽ 7.4  ശതമാനമായി.  

നാലുമാസത്തിനിടെ രാജ്യത്തെ തൊഴിലില്ലായ്‌മാ നിരക്കിൽ രണ്ടു ശതമാനത്തിനടുത്ത്‌ വർധിച്ചു. സെപ്‌തംബറിൽ 6.4 ശതമാനമായിരുന്ന തൊഴിലില്ലായ്‌മ ഒക്‌ടോബറിൽ 7.8 ശതമാനമായും നവംബറിൽ എട്ട്‌ ശതമാനമായും ഡിസംബറിൽ 8.3 ശതമാനത്തിലേക്കും ഉയർന്നു. നഗരങ്ങളിലെ തൊഴിലില്ലായ്‌മ നവംബറിലെ 8.96 ൽ നിന്നും ഡിസംബറിൽ 10.09 ശതമാനമായി. 1.13 ശതമാനമാണ്‌ ഒറ്റമാസത്തിലെ വർധന. ഗ്രാമങ്ങളിലെ തൊഴിലില്ലായ്‌മയിൽ ഡിസംബറിൽ നേരിയ കുറവുണ്ട്‌. നവംബറിൽ 7.55 ശതമാനമായിരുന്നത്‌ ഡിസംബറിൽ 7.44 ശതമാനത്തിലെത്തി.  

ബിജെപി ഭരണത്തിലുള്ള ഹരിയാനയിലാണ്‌ തൊഴിലില്ലായ്‌മ രൂക്ഷം–- 37.4 ശതമാനം. കോൺഗ്രസ്‌ ഭരണത്തിലുള്ള രാജസ്ഥാനിൽ 28.5 ശതമാനവും എഎപി ഭരണത്തിലുള്ള ഡൽഹിയിൽ 20.8 ശതമാനവുമാണ്‌ തൊഴിലില്ലായ്‌മ. ബിഹാറിൽ 19.1 ഉം ജാർഖണ്ഡിൽ 18 ശതമാനവുമാണ്‌.

03-Jan-2023