പാർടിയെയും നേതാക്കളെയും ജനപ്രതിധികളെയും കുറിച്ച്‌ നിങ്ങൾ പറയണം.

‘‘ഞങ്ങൾക്ക്‌ അങ്ങോട്ടുവന്ന്‌ കാണാനാവില്ല. ഇങ്ങോട്ടുവന്ന്‌ കണ്ടല്ലോ. പ്രമേഹംകൂടി കാൽവിരൽ മുറിച്ചതിനാൽ പുറത്തൊന്നും പോകാനാകുന്നില്ല. നേരത്തെ പള്ളിയിൽ പണിയുണ്ടായിരുന്നു’’–  അനന്തംപള്ളയിലെ വീട്ടിലെത്തിയ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗാേവിന്ദനെ കണ്ടപ്പോൾ ഹൈദറാലിയുടെ സനേഹഭാഷണം. ഭാര്യ കുഞ്ഞാവിയും അടുത്തുണ്ട്‌. പ്രമേഹത്തെ പ്രതിരോധിക്കാനുള്ള മാർഗങ്ങളെകുറിച്ചായി മാഷിന്റെ ക്ലാസ്‌. കുടുബങ്ങളിൽ സ്‌നേഹവും രോഗികൾക്കും വൃദ്ധർക്കും സാന്ത്വാനമേകിയാണ്‌ സിപിഐ എം നേതൃത്വത്തിലുള്ള ഗൃഹസന്ദർശനം. ജനങ്ങളും കുടുംബങ്ങളുമായി കൂടുതൽ ഇടപഴകാനും ബന്ധം ദൃഡമാക്കനും നേതാക്കളെത്തുമ്പോൾ എങ്ങും സ്‌നേഹ നിർഭരവരവേൽപ്പാണ്‌.
 
ചോദ്യങ്ങൾ ചോദിച്ചും ഉത്തരം പറഞ്ഞും 
 
നേതാക്കൾ ജനങ്ങളെ കാണാൻ വീടുകളിലെത്തുകയാണ്‌. പാർടിയെയും നേതാക്കളെയും ജനപ്രതിധികളെയും കുറിച്ച്‌ നിങ്ങൾ പറയണം. സർക്കാരിന്റെ പ്രവർത്തനങ്ങളെകുറിച്ചും പറയണം.  പ്രതികരണം നേരിട്ടറിയാനാണ്‌ ഞങ്ങൾ വന്നത്‌. അനന്തംപള്ളയിലെ  എല്ലാവീടുകളിലും എം വി ഗോവിന്ദന്റെ ആമുഖം ഇങ്ങനെ. പിന്നാലെ വീട്ടുകാർ വാചാലകരാകുന്നു. പെൻഷൻ, റേഷൻ, ക്ഷേമ പദ്ധതികൾ, വികസന പ്രവർത്തനങ്ങളെല്ലാം  ചർച്ചയായി. ചോദ്യങ്ങൾ ചോദിച്ചും ഉത്തരങ്ങൾ പറയിപ്പിച്ചുമുള്ള മാഷിന്റെ പതിവുശൈലി. കേന്ദ്ര സർക്കാർ സാമ്പത്തിക കാര്യത്തിൽ സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കുന്നതും ജനങ്ങൾ ദുരിതമനുഭവിക്കുന്നതും ലളിതമായി പറഞ്ഞുകൊടുത്തു. 
 
പല വീട്ടുകാരും സങ്കടങ്ങളും സന്തോഷങ്ങളും പങ്കുവെച്ചു.  രോഗബാധിതയായ പി മാധവിക്ക്‌  മകളെകുറിച്ചായിരുന്നു ആധി.  കൊച്ചുമകൾക്ക്‌ കേൾവി തകരാറുണ്ട്‌.  ശ്രവണസഹായി ഉപയോഗിക്കുന്നു. എൻ പി ജമീലക്ക്‌ അഞ്ച്‌ വർഷമായി ഹൃദ്രോഗമുണ്ട്‌. കൂടെയുണ്ടായ പി നബീസക്ക്‌ മൂന്നുവർഷമായി അർബുദമാണ്‌. ഇവർക്ക്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് സഹായമെത്തിക്കാൻ ഇടപെടുമെന്ന്‌  അറിയിച്ചു.  നീലേശ്വരം നാഗച്ചേരി ക്ഷേത്ര കൂട്ടായിക്കാരൻ വിനുവിന്റ വീട്ടിലുമെത്തി. ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ, ജില്ലാ സെക്രട്ടറിയറ്റംഗം വി വി രമേശൻ, അഡ്വ. പി അപ്പുക്കുട്ടൻ, കെ രാജ്‌മോഹൻ,  ന​ഗരസഭാ ചെയർമാൻ കെ വി സുജാത എന്നിവരും ഒപ്പമുണ്ടായി . ബുധൻ രാവിലെ 9.30 മുതൽ അജാനൂർ ലോക്കലിൽ  എം വി ഗോവിന്ദൻ  ഗൃഹസന്ദർശനംനടത്തും.

04-Jan-2023