അധിക ചെലവ് ഉപയോക്താക്കളിൽനിന്ന് ഈടാക്കലാണ് ലക്ഷ്യം.
അഡ്മിൻ
പുതുവത്സരത്തിലും ഉപയോക്താക്കളെ ഷോക്കടിപ്പിച്ച് കേന്ദ്രസർക്കാർ. ഇനിമുതൽ മാസം തോറും വൈദ്യുതി വിതരണ കമ്പനികൾക്ക് നിരക്ക് കൂട്ടാം. പെട്രോൾ വിലപോലെ വൈദ്യുതി നിരക്കും കുതിച്ചുയരും. എല്ലാമാസവും വൈദ്യുതി നിരക്ക് കൂട്ടാൻ വിതരണ കമ്പനികളെ അനുവദിക്കുന്ന കരട് വൈദ്യുതി ചട്ടഭേദഗതി നിർദേശം അന്തിമമാക്കി കേന്ദ്രത്തിന്റെ വിജ്ഞാപനം. വൈദ്യുതി വാങ്ങൽ, പ്രസരണനിരക്ക്, ഇന്ധനനിരക്ക് തുടങ്ങിയ ഇനങ്ങളിലെ അധിക ചെലവ് ഉപയോക്താക്കളിൽ നിന്ന് ഈടാക്കലാണ് ലക്ഷ്യം.
നിരക്ക് കൂട്ടാത്ത കമ്പനികൾക്ക് പിന്നീടൊരിക്കലും അധികചെലവ് ഈടാക്കാനാകില്ല. മൂന്ന് മാസത്തിനകം ഇതിനനുസൃതമായി സംസ്ഥാന റുലേറ്ററി കമീഷനുകൾ ചട്ടങ്ങൾ പുറപ്പെടുവിക്കണം. അത് വൈകിയാലും കേന്ദ്ര മാനദണ്ഡങ്ങൾപ്രകാരം കമ്പനികൾക്ക് എല്ലാമാസവും നിരക്ക് കൂട്ടാം. പെട്രോൾ, ഡീസൽ ഉൾപ്പെടെയുള്ളവയുടെ വിലനിർണയാധികാരം എണ്ണക്കമ്പനികൾക്ക് വിട്ടുകൊടുത്തതിന് സമാന നടപടിയാണ് കേന്ദ്രത്തിന്റേത്.
റഗുലേറ്ററി കമീഷനെ അപ്രസക്തമാക്കി വിലനിർണയാധികാരം വൈദ്യുതി വിതരണ കമ്പനികൾക്ക് നൽകിയതോടെ ഇഷ്ടമുള്ളപ്പോഴെല്ലാം വില ഉയർത്താം. വൈദ്യുതി വാങ്ങൽ ചെലവിന്റെ മറവിലാകും നിരക്ക് കൂട്ടുക. വാങ്ങൽ ചെലവ് പെരുപ്പിച്ച് പറ്റിക്കാനും കഴിയും.