കേരളത്തിലെ ബി ജെ പിയ്ക്ക് മൃതസഞ്ജീവനിയുമായി അമിത് ഷാ എത്തി
അഡ്മിൻ
തിരുവനന്തപുരം: ബി ജെ പി കേരള ഘടകത്തിലെ തമ്മിലടിക്ക് അവസാനം കണ്ടെത്താന്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ തിരുവനന്തപുരത്തെത്തി. കുമ്മനം രാജശേഖരനെ മിസോറാമിലേക്ക് മാറ്റിയതിന് ശേഷം പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ സാധിക്കാതെ നട്ടം തിരിയുകയാണ് സംസ്ഥാന കമ്മറ്റി. കേരളത്തിലെ ആര് എസ് എസ് നേതൃത്വം ബി ജെ പിയുടെ പോക്കില്‍ തീര്‍ത്തും അസംതൃപ്തരാണ്. ഇത്തരം പ്രശ്നങ്ങള്‍ക്കെല്ലാം അമിത് ഷായുടെ സന്ദര്‍ശനവും ചര്‍ച്ചയും പരിഹാരമേകുമെന്നാണ് ബി ജെ പി സംസ്ഥാന നേതാക്കള്‍ കരുതുന്നത്.
തൈക്കാട് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലാണ് അമിത് ഷായ്ക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഉച്ചയ്ക്ക് 12 മുതല്‍ മൂന്നുവരെ ഹോട്ടല്‍ അപ്പോളോ ഡിമോറയില്‍ ചേരുന്ന ബി ജെ പി സംസ്ഥാന കോര്‍കമ്മിറ്റി യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. 3.30 മുതല്‍ 4.30 വരെ പാര്‍ലമെന്റ് മണ്ഡലങ്ങളുടെ ചുമതലയുള്ളവരുടെയും ആര് എസ് എസ് പ്രവര്‍ത്തകരുടെയും സംയുക്തയോഗത്തില്‍ സംബന്ധിക്കും. വൈകിട്ട് അഞ്ചിന് ഇടപ്പഴഞ്ഞി ആര്.ഡി.ആര്. കണ്വെന്ഷന് സെന്ററില്‍ തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മാവേലിക്കര എന്നീ പാര്‍ലമെന്റ് മണ്ഡലങ്ങളിലെ ഇന്‍ചാര്‍ജുമാരുടെ കണ്വെന്ഷന് അദ്ദേഹം ഉദ്ഘാടനം ചെയ്യും. രാത്രി ഏഴരയ്ക്ക് ആര് എസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച സംസ്കൃതി ഭവനില്‍ നടക്കും. രാത്രി ഒമ്പതിന് ലക്ഷദ്വീപിലെ പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. തൈക്കാട് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലാണ് യോഗം. ബുധനാഴ്ച രാവിലെ അദ്ദേഹം ഡല്‍ഹിക്ക് മടങ്ങും. ദേശീയ സഹ സംഘടനാ സെക്രട്ടറി ബി എല്‍ സന്തോഷ്, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വി മുരളീധര്‍റാവു, ദേശീയ സെക്രട്ടറി എച്ച് രാജ, നളിന്‍ കുമാര്‍ കട്ടീല്‍ എം പി എന്നിവരും വിവിധ യോഗങ്ങളില്‍ പങ്കെടുക്കും.
കുമ്മനത്തെ മിസോറാം ഗവര്‍ണറാക്കി സംസ്ഥാനത്ത് നിന്നും മാറ്റിയത് സംബന്ധിച്ച് ബി ജെ പി സംസഥാനനേതൃത്വത്തിനുള്ള ആശങ്കകള്‍ പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ക്ക് അമിത് ഷാ നേതൃത്വം നല്‍കും. ആര് എസ് എസ് നേതൃത്വത്തിന്റെ വിശദീകരണത്തില്‍ നേതാക്കള്‍ സംതൃപ്തരായിരുന്നില്ല. മറ്റ് സംസഥാനങ്ങളില്‍ ബി ജെ പിയും ആര് എസ് എസും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് മുന്നോട്ടുപോകുമ്പോള്‍ കേരളത്തില്‍ സംസ്ഥാന അധ്യക്ഷനെ കണ്ടെത്താന്‍ പോലും സാധിക്കുന്നില്ല. വരുന്ന ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടപ്പിലാക്കേണ്ട പുത്തന്‍ പ്രചരണ തന്ത്രങ്ങള്‍ അമിത് ഷാ മുന്നോട്ടുവെക്കും. ആര് എസ് എസ് സഹകാര്യവാഹക് എം രാധാകൃഷ്ണന്റെ സഹായത്തോടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുമെന്നാണ് അമിത് ഷാ കരുതുന്നത്.
ബി ജെ പി സംസ്ഥാന നേതൃത്വത്തിലേക്ക് പുത്തന്‍കൂറ്റുകാരായ നേതാക്കളെ എത്തിച്ച് ആര് എസ് എസിന്റെ സഹായത്തോടെ തിരഞ്ഞെടുപ്പിനെ നേരിടുക എന്ന തന്ത്രത്തിനാണ് നിലവില്‍ മുന്‍ഗണന. വിവിധ ഗ്രൂപ്പുകളായി പര്സപരം പാരവെച്ച് പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന നേതാക്കളെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാക്കി രംഗത്തിറക്കുകയും ജില്ലാതലത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന രണ്ടാംനിര യുവനേതാക്കളില്‍ ആരെയെങ്കിലും അധ്യക്ഷ പദവിയിലേക്കു പരിഗണിക്കുന്നതും ആലോചനയുണ്ട്. വിഭാഗീയത അവസാനിപ്പിച്ച് മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രധാന പ്രചാരണവിഷയമാക്കി വോട്ടര്‍മാരിലേക്കെത്തിക്കാന്‍ ആര് എസ് എസിന്റെ പൂര്‍ണ പിന്തുണയും അമിത് ഷാ ആവശ്യപ്പെടും.
അതിനിടയില്‍ ബി ജെ പിയിലെ ശക്തനായ നേതാവായിരിക്കെ ഒഴിവാക്കപ്പെട്ട പി പി മുകുന്ദനുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തിയേക്കുമെന്നും സൂചനകളുണ്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള പാര്‍ട്ടി സംഘടനാ സെക്രട്ടറിയായിരിക്കെയാണ് മുകുന്ദന് 2009ല്‍ പാര്‍ട്ടി നേതൃത്വത്തില്‍നിന്ന് ഒഴിവാക്കപ്പെടുന്നത്. മുകുന്ദനെ പാര്‍ട്ടി നേതൃത്വത്തിലേക്ക് തിരികെ വിളിക്കണമെന്ന് ചില കോണുകളില്‍നിന്ന് ആവശ്യം ഉയര്‍ന്നിട്ടുള്ള സാഹചര്യത്തില്‍, അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയാല്‍ അതിനു രാഷ്ട്രീയ പ്രാധാന്യമുണ്ട്.
കേരളത്തിലെ ബി ജെ പിയിലെ വിഭാഗീയത മറനീക്കി പുറത്തുവന്നത് ചില അഴിമതികള്‍ കൈയ്യോടെ പിടിക്കപ്പെട്ടതിനെ തുടര്‍ന്നാണ്. വര്‍ക്കല എസ് ആര് എജ്യുക്കേഷനല്‍ ട്രസ്റ്റിനു മെഡിക്കല്‍ കോളജിന് അനുമതി ലഭിക്കാനായി ബി ജെ പി സഹകരണ സെല്‍ കണ്‍വീനര്‍ ആര് എസ് വിനോദ് വഴി 5.6 കോടി രൂപ നല്‍കിയെന്നും എന്നാല്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്നും ആരോപിച്ച് 2017 മേയ് 19നു ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനു ട്രസ്റ്റിലെ ആര് ഷാജിയാണ് പരാതി നല്‍കിയത്. മേയ് 23നു പരാതിയെക്കുറിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്കാന് കെ പി ശ്രീശന്, എ കെ നസീര്‍ എന്നിവരടങ്ങിയ കമ്മിഷനെ ചുമതലപ്പെടുത്തി. അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ട് കഴിഞ്ഞ ജൂലൈയില്‍ പുറത്തുവന്നതോടെ തുറന്നപോരും ആരംഭിച്ചു. പി കെ കൃഷ്ണദാസ് പക്ഷത്തെ പ്രമുഖനായ ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശിനെക്കുറിച്ചു റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്ന വാര്‍ത്ത പുറത്തുവന്നതു പാര്‍ട്ടിക്കുള്ളില്‍ കടുത്ത ഞെട്ടലുണ്ടാക്കി. പാലക്കാട് ചെര്‍പ്പുളശേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളജിന് അനുമതി ലഭിക്കാനായി എം ടി രമേശ് വഴി കോഴ നല്‍കിയതായി അറിഞ്ഞുവെന്ന പരാതിക്കാരന്റെ മൊഴിയാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത്. ആരോപണം നിഷേധിച്ച രമേശ് ഏറെ വൈകാരികമായാണു വിഷയത്തോട് അന്ന് പ്രതകരിച്ചത്. കോളജിന്റെ ആളുകള്‍ രണ്ടു തവണ തന്നെ സമീപിച്ചപ്പോഴും പറ്റില്ലെന്നു പറഞ്ഞു മടക്കിവിട്ടതായും രമേശ് വിശദീകരിച്ചു. ബി ജെ പി കോര്‍കമ്മിറ്റി യോഗത്തില്‍ പൊട്ടിക്കരഞ്ഞ രമേശ്, സഹപ്രവര്‍ത്തകര്‍ തന്നെ കൊല്ലാക്കൊല ചെയ്യുകയാണെന്നും ആരോപിച്ചു വ്യക്തിഹത്യക്ക് ശ്രമിച്ചവര്‍ക്കെതിരേ നടപടിയുണ്ടായില്ലെങ്കില്‍ താന്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്ന് പറഞ്ഞുവിതുമ്പിയ രമേശിനെ സ്വന്തം ഗ്രൂപ്പുകാര്‍ ചേര്‍ത്തുപിടിക്കുകയായിരുന്നു. രമേശിനെ കുടുക്കാന്‍ അന്വേഷണ കമ്മിഷന് ശ്രമിച്ചുവെന്ന് ആരോപണവിധേയനായ ആര് എസ് വിനോദ് പിന്നീടു വെളിപ്പെടുത്തി.
അന്ന് സംസ്ഥാന പ്രസിഡന്റ് ആയിരുന്ന കുമ്മനം രാജശേഖരന് വിഷയം കൈകാര്യം ചെയ്തതില്‍ വീഴ്ച പറ്റിയെന്ന് അഭിപ്രായം ഉയര്‍ന്നുവന്നു. കോര്‍ കമ്മിറ്റിയെ അറിയിക്കാതെ അന്വേഷണ കമ്മീഷനെ വച്ചതിനെ പി എസ് ശ്രീധരന്‍പിള്ളയും എ എന്‍ രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും വിമര്‍ശിച്ചു. അഴിമതി വിവാദത്തില്‍ ആരോപണവിധേയരില്‍ ഒരാളായ രാകേഷ് ശിവരാമന് കുമ്മനവുമായി അടുത്ത ബന്ധമുണ്ടെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. തുടര്‍ന്ന് ആര് എസ് വിനോദ് വ്യക്തിപരമായി നടത്തിയ അഴിമതിയാണെന്നും പാര്‍ട്ടിക്കു പങ്കില്ലെന്നും നേതൃത്വം വ്യക്തമാക്കി. തുടര്‍നടപടി കേന്ദ്രനേതൃത്വത്തിനു വിടുകയും ചെയ്തു. കമ്മിഷന് റിപ്പോര്‍ട്ട് ചോര്‍ന്നതിനെക്കുറിച്ച് അന്വേഷണങ്ങള്‍ക്കൊടുവില്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന വി വി രാജേഷിനെ പാര്‍ട്ടി പദവികളില്‍നിന്നു പൂര്‍ണമായി ഒഴിവാക്കാന്‍ തീരുമാനിച്ചു. ഇതു മുരളീധരപക്ഷത്തിനു കനത്ത തിരിച്ചടിയായി മമാറി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനായി ബി ജെ പി കേന്ദ്ര നേതൃത്വം നല്കിയ ഫണ്ട് സംസ്ഥാന നേതൃത്വം മുക്കിയെന്ന ആരോപണം ഇതിനിടെയാണ് ഉയര്‍ന്നുവന്നത്. തിരഞ്ഞെടുപ്പു കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും തിരഞ്ഞെടുപ്പു വരവു ചെലവു കണക്കുകള്‍ സംസ്ഥാന കോര്‍ ഗ്രൂപ്പ് യോഗത്തിലോ ജനറല്‍ സെക്രട്ടറിമാര്‍ക്കു മുന്നിലോ അവതരിപ്പിച്ചിട്ടില്ലെന്നായിരുന്നു ആരോപണം. കണക്കുകള്‍ക്കായി കോര്‍ ഗ്രൂപ്പ് യോഗത്തില്‍ പലതവണ ആവശ്യമുയര്‍ന്നിട്ടും ഫലമുണ്ടായിട്ടില്ലെന്നു കേന്ദ്രനേതൃത്വത്തിനു മുന്നില്‍ പരാതിയെത്തി. സംസ്ഥാനത്തെ എ വിഭാഗത്തിലുള്ള 15 നിയമസഭാ മണ്ഡലങ്ങള്‍ക്ക് ഒരു കോടി രൂപ വീതമാണ് കേന്ദ്ര നേതൃത്വം അനുവദിച്ചത്. ഇതില്‍ മൂന്നു മണ്ഡലങ്ങളിലൊഴികെ മുഴുവന്‍ തുക സ്ഥാനാര്‍ഥികള്‍ക്കു ലഭിച്ചിട്ടില്ലെന്നു പരാതിയുയര്‍ന്നു. ബി വിഭാഗത്തിലുള്ള മണ്ഡലങ്ങളില്‍ 20-35 ലക്ഷം രൂപ വീതവും സി വിഭാഗത്തില്‍ 15 ലക്ഷം രൂപ വീതവും നല്‍കാനാണു നിര്‍ദേശിച്ചതെങ്കിലും തുക സ്ഥാനാര്‍ഥികള്‍ക്കു ലഭിച്ചിരുന്നില്ലെന്നും ആരോപണമുണ്ടായി. കേന്ദ്ര നേതൃത്വം നല്കിയ ഫണ്ട് കൈകാര്യം ചെയ്തത് ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ്, പാര്‍ട്ടി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, സംഘടനാ ജനറല്‍ സെക്രട്ടറിമാരായിരുന്ന ഉമാകാന്തന്‍, കെ സുഭാഷ് എന്നിവരായിരുന്നു. ഇവരുടെ മുഖത്ത് പുരണ്ട അഴിമതി ആരോപണത്തിന്റെ കറുപ്പ് ഇപ്പോഴും തുടച്ചുനീക്കാന്‍ പറ്റിയിട്ടില്ല.
കോഴിക്കോട്ടു നടന്ന ബി ജെ പി ദേശീയ കൗണ്‍സില്‍ യോഗത്തിനിടെ വ്യാജ രസീത് ഉപയോഗിച്ചു പിരിവു നടത്തിയെന്ന ആരോപണത്തിലും പാര്‍ട്ടിയിലെ ഇരുവിഭാഗങ്ങളും പരസ്പരം ചെളിവാരിയെറിഞ്ഞു. ദേശീയ കൗണ്‍സില്‍ യോഗത്തിന്റെ സാമ്പത്തിക വിഭാഗം കണ്‍വീനര്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് തന്നെയായിരുന്നുവെന്നു വ്യക്തമാക്കുന്ന ഭാരവാഹിപ്പട്ടിക വി മുരളീധരന് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. സമ്മേളനത്തിന്റെ ധനകാര്യ ചുമതല തനിക്കായിരുന്നുവെന്ന നിലയ്ക്കു വ്യാജപ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു പോസ്റ്റ്. താന്‍ ആ വിഭാഗത്തിന്റെ സഹകണ്‍വീനര്‍ മാത്രമായിരുന്നുവെന്നും പി എസ് ശ്രീധരന്‍പിള്ള, പി കെ കൃഷ്ണദാസ് എന്നിവരായിരുന്നു മറ്റു സഹകണ്വീനര്മാരെന്നും മുരളീധരന് വ്യക്തമാക്കി. തുടര്‍ന്ന് 2017 നവംബറില്‍ ആലപ്പുഴയില്‍ നടന്ന സംസ്ഥാന നേതൃയോഗത്തില്‍ മുരളീധരപക്ഷത്തിനെതിരേ നേതൃത്വം വാളെടുത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ യുവമോര്‍ച്ചയുടെ സുപ്രധാന ചുമതലയില്‍നിന്ന് ഒഴിവാക്കി പകരം എം ടി രമേശിനു ചുമതല നല്കി. നേതൃയോഗത്തില്‍ കുമ്മനം പൊടുന്നനെ പ്രഖ്യാപനം നടത്തുകയായിരുന്നു. ബി ജെ പി കേന്ദ്രനേതൃത്വവും ആര് എസ് എസും ചേര്‍ന്നെടുത്ത തീരുമാനമായിരുന്നുവെന്നാണു റിപ്പോര്‍ട്ട്. യുവമോര്‍ച്ചയ്ക്കു പകരം കര്‍ഷകമോര്‍ച്ചയുടെ ചുമതലയാണു കെ സുരേന്ദ്രനു നല്‍കിയത്. ഇതോടെ മുരളീധരപക്ഷം കടുത്ത അതൃപ്തിയിലായി.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിലും പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കം പ്രകടമായിരുന്നു. നേതാക്കളുടെ ഭാഗത്തുനിന്ന് ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനം ഉണ്ടാകാതിരുന്നതാണു വോട്ടു കുറയാന്‍ കാരണമെന്ന് പ്രവര്‍ത്തകര്‍ക്കിടയില്‍ ആക്ഷേപം ഉയരുകയും ചെയ്തു. എന്‍ ഡ ിഎ സഖ്യകക്ഷിയായ ബി ഡി ജെ എസിനെ സംബന്ധിച്ച് കൂട്ടുത്തരവാദിത്തമില്ലാതെ നേതാക്കള്‍ പ്രസ്താവന നടത്തിയതു കടുത്ത അതൃപ്തിക്കിടയാക്കി. കെ എം മാണിയെ സംബന്ധിച്ച ബി ജെ പി നിലപാടില്‍ മാറ്റമില്ലെന്ന വി മുരളീധരന്റെ പ്രസതാവനയും വിവാദമായി. മാണി കൊള്ളക്കാരനാണെന്ന അഭിപ്രായം തനിക്കില്ലെന്നും ആരോടും അയിത്തമില്ലെന്നും സ്ഥാനാര്‍ഥിയായിരുന്ന പി എസ് ശ്രീധരന് പിള്ള തിരുത്തി. തുഷാര്‍ വെള്ളാപ്പള്ളി രാജ്യസഭാംഗമാകുമെന്ന വാര്‍ത്ത പരക്കുകയും പിന്നീട് മുരളീധരന് രാജ്യസഭാംഗമാകുകയും ചെയ്തതു ബി ഡി ജെ എസിനുള്ളില്‍ കടുത്ത അതൃപ്തിക്കിടയാക്കി. തിരഞ്ഞെടുപ്പു പരാജയത്തിനു ശേഷം ശ്രീധരന് പിള്ള നേതൃത്വത്തിനെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയത് ഇതുമായി കൂട്ടിവായിക്കണം. താന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന കാലത്തുള്ള സമീപനം നിലവിലുള്ള സംസ്ഥാന നേതൃത്വം പിന്തുടരുന്നില്ലെന്ന് പിള്ള തുറന്നടിച്ചു. തിരഞ്ഞെടുപ്പു പരാജയത്തില്‍നിന്നു ബി ജെ പി പാഠം പഠിക്കണമെന്നും ചെങ്ങന്നൂരിലെ മാറ്റം നേതാക്കള്‍ക്കു വേണ്ട രീതിയില്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെന്നുമായിരുന്നു ശ്രീധരന് പിള്ളയുടെ കുറ്റപ്പെടുത്തല്‍.
ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മുന്നില്‍ നിന്ന് പരസ്പരം വാഗ്വാദം നടത്താന്‍ ഗ്രൂപ്പ് നേതാക്കള്‍ തയ്യാറാവില്ല. അമിത് ഷായെ സ്വാധീനിച്ച് തീരുമാനം അനുകൂലമാക്കാനുള്ള നീക്കം ഇരുവിഭാഗങ്ങളും നടത്തിയിട്ടുണ്ട്. കുമ്മനം രാജശേഖരനുമായി ചര്‍ച്ച നടത്തിയ അമിത് ഷാ ചില ഉറച്ച തീരുമാനങ്ങളുമായാണ് കേരളത്തിലേക്കെത്തുന്നത്. തിരുവനന്തപുരത്തുനിന്നും തിരികെ ഡല്‍ഹിയിലേക്കെത്തുമ്പോള്‍ ബി ജെ പി കേരള ഘടകത്തിന് പുതിയ അധ്യക്ഷനാവുമെന്നാണ് അമിത് ഷാ കരുതുന്നത്.
03-Jul-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ