കോൺഗ്രസ് നേതൃത്വത്തിന്റെ ഏകാധിപത്യ പ്രവണതയിൽ പ്രതിഷേധിച്ച് പെരിങ്ങോട്ടുകുറുശി പഞ്ചായത്ത് പ്രസിഡന്റ് രാധ മുരളി പ്രസിഡന്റ് സ്ഥാനവും അംഗത്വവും രാജിവച്ചു. വെള്ളി രാവിലെ പത്തിന് പഞ്ചായത്ത് ഓഫീസിലെത്തി സെക്രട്ടറി ഹരിമോഹനൻ ഉണ്ണിക്കൃഷ്‌ണന് രാജിക്കത്ത് നൽകി.
ഒരു വർഷമായി കോൺഗ്രസിലുള്ള അഭിപ്രായ വ്യത്യാസമാണ് ഒടുവിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ രാജിയിലേക്ക് എത്തിയത്. ‘ജനഹിതമനുസരിച്ച് ഭരണം മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടുള്ളതിനാൽ പെരിങ്ങോട്ടുകുറുശി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും, എട്ടാം വാർഡ് മെമ്പർ സ്ഥാനവും രാജിവയ്‌ക്കുന്നു. പ്രിയപ്പെട്ടവർ ക്ഷമിക്കണം. എക്കാലവും എനിക്കുതന്ന സഹകരണത്തിനും സ്നേഹത്തിനും വളരെ നന്ദി’ എന്നാണ് സമൂഹ മാധ്യമത്തിൽ രാധ മുരളി കുറിപ്പിട്ടത്.
എട്ടാം വാർഡിൽനിന്നാണ് (ബമ്മണ്ണൂർ) തെരഞ്ഞെടുക്കപ്പെട്ടത്. 2011–16 കാലഘട്ടത്തിൽ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 2020ലും പ്രസിഡന്റായി. സ്ഥാനം ഏറ്റെടുത്ത നാൾമുതൽ തന്റെ വാർഡിൽ ഉൾപ്പെടെ ജനങ്ങളുടെ ആവശ്യമനുസരിച്ച് വികസന പ്രവൃത്തി നടത്തുന്നതിൽ കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ തടസ്സവാദം ഉന്നയിച്ചത് ഏറെ വേദനിപ്പിച്ചതായി രാധ മുരളി പറഞ്ഞു.
കോൺഗ്രസിനകത്ത് അഭിപ്രായവ്യത്യാസം മൂർഛിച്ചതിനെത്തുടർന്ന് രാധ മുരളി കുറച്ചു മാസം അമേരിക്കയിലുള്ള മകന്റെ കൂടെയായിരുന്നു. അമേരിക്കയിൽനിന്ന് എത്തിയശേഷമാണ് രാജി. രാധ മുരളിയുടെ രാജി പഞ്ചായത്ത് ഭരണത്തെ ബാധിക്കില്ല.16 അംഗ ഭരണസമിതിയിൽ കോൺഗ്രസിന് 11 പേരുണ്ട്. സിപിഐ എമ്മിന് അഞ്ച്. കോൺഗ്രസ് നേതാവായിരുന്ന എ വി ഗോപിനാഥിന്റെ അടുപ്പക്കാരാണ് പഞ്ചായത്ത് ഭരണത്തിന് നേതൃത്വം നൽകുന്നത്. കഴിഞ്ഞവർഷം എ വി ഗോപിനാഥ് കോൺഗ്രസിൽനിന്ന് രാജിവച്ചിരുന്നു.
തുടരുമെങ്കിൽ സംരക്ഷണം നൽകുമെന്ന് ഡിസിസി പ്രസിഡന്റ്
ചില തിക്താനുഭവത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പെരിങ്ങോട്ടുകുറുശി പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചത് എന്നാണ് അനുമാനിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ. സ്ഥാനത്ത് തുടരുമെങ്കിൽ പാർടി സംരംക്ഷണം ഉറപ്പുനൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.