ഓഫീസിൽ ജോലി ചെയ്തിരുന്നവരെ വരെ സംഘം ഭീഷണിപ്പെടുത്തി
അഡ്മിൻ
കെ സുധാകരൻ പ്രസിഡന്റായതു മുതൽ കെപിസിസി ഓഫീസ് അക്രമിസംഘത്തിന്റെ താവളമായെന്ന് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ. തിരുവനന്തപുരത്തെ രണ്ടുദിന നേതൃക്യാമ്പിനുശേഷം സെമികേഡർ, പരിശീലന ക്ലസ്, സിയുസി, നേതാക്കളെ നിരീക്ഷണം, ശമ്പളമുള്ള നേതാവ് എന്നൊക്കെ പറഞ്ഞാണ് ഇവരെ തിരുകിക്കയറ്റിയത്. എന്നാൽ, പറഞ്ഞതൊന്നും നടക്കാതായതോടെ സുധാകരന്റെ തലസ്ഥാന യാത്ര നാമമാത്രമായി.
പക്ഷേ, കെപിസിസി ഓഫീസ് സിയുസി സംഘമെന്നറിയപ്പെടുന്ന ഇവരുടെ വിളയാട്ട ഭൂമിയായി. പാർടിക്കുവേണ്ടി ഒരു പണിയും ചെയ്യാതെ ധൂർത്തടിച്ച് നടക്കുന്നത് പല നേതാക്കളും ചോദ്യം ചെയ്തിരുന്നു. ഇതോടെ ദീർഘകാലം ഓഫീസിൽ ജോലി ചെയ്തിരുന്നവരെ വരെ സംഘം ഭീഷണിപ്പെടുത്തി. ചെലവിന് അനാവശ്യമായി പണം തരില്ലെന്ന നിലപാടെടുത്തതോടെ കെപിസിസി ട്രഷറർ വി പ്രതാപചന്ദ്രനെതിരെ ഇവർ തിരിഞ്ഞു. ആവശ്യത്തിന് പണം വാങ്ങാൻ കെപിസിസി അധ്യക്ഷൻ പറഞ്ഞിട്ടുണ്ടെന്ന പേരിലായിരുന്നു ഭീഷണി.
വഴങ്ങാൻ പ്രതാപചന്ദ്രൻ തയ്യാറായില്ല. ഇതോടെ അധിക്ഷേപം ആരംഭിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഈ സംഘത്തിലൊരാളെ സ്‌റ്റാഫിൽ ഉൾപ്പെടുത്തി സഹായിച്ചു. അപവാദത്തെ തുടർന്നാണ് കെപിസിസിയുടെ പിആർഒ ജോലിചെയ്യുന്ന അജിത് പൊലീസിൽ പരാതി നൽകിയത്. ഓഫീസിൽ അടിയന്തരമായി ഉടച്ചുവാർക്കൽ വേണമെന്ന് ആവശ്യപ്പെട്ട് പല നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.