ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങൾ തകർച്ചയിലാണ്‌

ഗവർണർമാർ കേന്ദ്രത്തിന്റെ  ഉപകരണങ്ങളായി മാറിയെന്നും ഇവരെ ഉപയോഗിച്ച്‌ ഫെഡറലിസം അട്ടിമറിക്കുകയാണെന്നും സുപ്രീംകോടതി  മുൻ ജഡ്‌ജി ജസ്റ്റിസ്‌ ഗോപാല ഗൗഡ പറഞ്ഞു. കൊളീജിയം സംവിധാനത്തെ തകർക്കാനാണ്‌ കേന്ദ്രശ്രമം. തീവ്ര ഹിന്ദുത്വശക്തികൾ അധികാരം നേടിയതോടെ ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങൾ തകർച്ചയിലാണ്‌. ഫാസിസ്റ്റ്‌ ഹിന്ദുരാഷ്‌ട്രം രൂപീകരിക്കാനാണ്‌ കേന്ദ്രശ്രമം–- അദ്ദേഹം പറഞ്ഞു. ഡൽഹി വി കെ കൃഷ്‌ണമേനോൻ ഭവനിൽ അഖിലേന്ത്യ ലോയേഴ്‌സ്‌ യൂണിയൻ, ഡൽഹി യൂണിയൻ ഓഫ് ജേർണലിസ്റ്റ്‌സ്, ജനാധിപത്യ ടീച്ചേഴ്‌സ്‌ ഫ്രണ്ട്‌ എന്നിവ സംയുക്തമായി സംഘടിപ്പിച്ച ദേശീയ കൺവൻഷൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ഗൗഡ.

അയോധ്യ വിധിയിൽനിന്ന്‌ ഊർജമുൾക്കൊണ്ട്‌ ജ്ഞാൻ വാപി മസ്‌ജിദിലടക്കം അവകാശം സ്ഥാപിക്കാനാണ്‌ തീവ്ര ഹിന്ദുത്വശക്തികളുടെ നീക്കം.
തെരഞ്ഞെടുപ്പ്‌ കമീഷൻ നിഷ്‌പക്ഷമല്ലാതായി. ഹാഥ്‌രസ്‌ സംഭവം റിപ്പോർട്ട്‌ ചെയ്യാൻപോയ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ്‌ കാപ്പനോട്‌ കാട്ടിയത്‌ അനീതിയാണെന്നും ഗൗഡ പറഞ്ഞു.

മുതിർന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ്‌ മുഖ്യപ്രഭാഷണം നടത്തി. ഡൽഹി ഹൈക്കോടതി മുൻ ജഡ്‌ജി രേഖ ശർമ, മുൻ അഡീ.സോളിസിറ്റർ ജനറൽ രാജു രാമചന്ദ്രൻ, ലോയേഴ്‌സ്‌ യൂണിയൻ പ്രസിഡന്റ്‌ ബികാസ്‌ രഞ്ജൻ ഭട്ടാചാര്യ എംപി, ജനറൽ സെക്രട്ടറി പി വി സുരേന്ദ്രനാഥ്‌, നന്ദിത നരേയ്‌ൻ, എസ്‌ കെ പാണ്ഡെ തുടങ്ങിയവർ സംസാരിച്ചു.

08-Jan-2023