കാട്ടാക്കട മണ്ഡലത്തിലെ ‘ജലസമൃദ്ധി’ പദ്ധതി ലോകശ്രദ്ധ ആകർഷിച്ചിരുന്നു

മികച്ച നിയമസഭാ സാമാജികനുള്ള ഡോ. എപിജെ അബ്ദുൾകലാം ജനമിത്ര പുരസ്കാരം ഐ ബി സതീഷ്‌ എംഎൽഎക്ക്‌. കോഴിക്കോട് വൈഎംസിഎ ഹാളിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് പുരസ്‌കാരം സമ്മാനിച്ചു. നിയമസഭാ സാമാജികനെന്ന നിലയിൽ കാട്ടാക്കട മണ്ഡലത്തിൽ സാമൂഹ്യ പ്രതിബദ്ധതയോടെ  നടപ്പാക്കിയ വൈവിധ്യമാർന്ന  പ്രവർത്തനങ്ങൾ പരിഗണിച്ച്‌ ഡോ. എപിജെ അബ്ദുൾകലാം സ്റ്റഡി സെന്ററാണ് പുരസ്കാരം നൽകിയത്‌.
 
കാട്ടാക്കട മണ്ഡലത്തിലെ ‘ജലസമൃദ്ധി’ പദ്ധതി ലോകശ്രദ്ധ ആകർഷിച്ചിരുന്നു.  സ്ത്രീസൗഹൃദ മണ്ഡലമെന്ന ലക്ഷ്യത്തിനായി വിഭാവനം ചെയ്ത ഒപ്പം, കാർഷിക സ്വയംപര്യാപ്‌തത ലക്ഷ്യമിട്ട് ആരംഭിച്ച ജൈവസമൃദ്ധി, ലഹരിക്കെതിരെ ജനങ്ങളെ മുൻനിര പോരാളികളാക്കി ഇറക്കിയ കൂട്ട് പദ്ധതി, കാർബൺ ന്യൂട്രൽ കാട്ടാക്കട, സംരംഭക സൗഹൃദമണ്ഡലമായി കാട്ടാക്കടയെ മാറ്റുന്നതിനുള്ള കാട്ടാൽ ഇൻഡസ്ട്രിയൽ കൗൺസിൽ തുടങ്ങി മണ്ഡലത്തിന്റെ സമസ്തമേഖലകളെയും സ്പർശിക്കുന്ന നിരവധി പദ്ധതികളാണ് കഴിഞ്ഞ ആറു വർഷത്തിനുള്ളിൽ എംഎൽഎയുടെ നേതൃത്വത്തിൽ നടപ്പാക്കിയത്.  മണ്ഡലത്തിലെ ആബാലവൃദ്ധം ജനങ്ങളെയും അണിനിരത്തി ജനകീയ മുന്നേറ്റമായി ഓരോ പദ്ധതിയും നടപ്പാക്കുന്ന ശൈലിയാണ് ഐ ബി സതീഷിനെ വ്യത്യസ്‌ത‌നാക്കുന്നതെന്ന്  മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

08-Jan-2023