മുംബൈയില്‍ കനത്ത മഴ മേല്‍പ്പാലം തകര്‍ന്നുവീണ് അഞ്ച് മരണം

മുംബൈ: അന്ധേരി ഈസ്റ്റ് വെസ്റ്റ് റയില്‍വെ സ്റ്റേഷനുകളെ തമ്മില്‍ ബന്ധിപ്പിച്ചിരുന്ന ഗോഖലെ ബ്രിഡ്ജിനോട് ചേര്‍ന്ന ഫൂട്ട് ഓവര്‍ ബ്രിഡ്ജാണ് ഇന്ന് രാവിലെ ഏഴുമുപ്പതോടു കൂടി അന്ധേരി റയില്‍വെ സ്റ്റേഷനുള്ളിലേക്ക് തകര്‍ന്നു വീണത്. അഞ്ചുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്, മഴ ഇതിന് തടസ്സമാകുന്നുണ്ട്. മുംബെയില്‍ ഇന്നലെ രാത്രിമുതല്‍ തുടങ്ങിയ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. സ്റ്റേഷനുള്ളിലേക്കു തകര്‍ന്നുവീണ പാലത്തിന്റെ ഒരു ഭാഗം ഓവര്‍ വെയറുകളും തകര്‍ത്താണ് നിലംപൊത്തിയത്. ഇതുമൂലം റയില്‍ഗതാഗതവും നിലച്ചു.

അപകടത്തിന് മുന്നേ പുറപ്പെട്ട ട്രെയിനുകളില്‍ പലതും യാത്രക്കാരുമായി ഇടയ്ക്കുവച്ച് ഓട്ടം നിര്‍ത്തി. യാത്രക്കാര്‍ ഇപ്പോഴും ട്രെയിനില്‍ കുടുങ്ങിക്കിടക്കുകയാണ്. ചില ട്രെയിനുകള്‍ തിരിച്ചുവിട്ടു. ജോലിക്കും മറ്റാവശ്യങ്ങള്‍ക്കുമായി വീട്ടില്‍നിന്നും പുറപ്പെട്ടവര്‍ ട്രെയിന്‍ ഗതാഗതം ഉപേക്ഷിച്ച് റോഡ്മാര്‍ഗമുള്ള യാത്രയ്ക്കായി തയ്യാറായി. തിരക്കുമൂലം റോഡ് ഗതാഗതവും താറുമാറായി.

ആയിരക്കണക്കിന് ജനങ്ങള്‍ അന്ധേരി ഈസ്റ്റില്‍ നിന്നും വെസ്റ്റിലേക്കും, തിരിച്ചും പോകാന്‍ ഉപയോഗിക്കുന്ന പാലം അതിരാവിലെയാണ് തകര്‍ന്നു വീണത്, തിരക്കുള്ള സമയമല്ലാതിരുന്നതും, പാലം തകര്‍ന്നുവീണ സമയത്തു ട്രയിനുകള്‍ ഒന്നും ട്രാക്കിലില്ലാതിരുന്നതും വന്‍ ദുരന്തമൊഴിവാകാന്‍ കാരണമായി. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് പണിത പാലം തകര്‍ന്നുവീണതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണ് പാലത്തിന്റെ തൂണുകള്‍ തുരുമ്പെടുത്ത് നശിച്ച നിലയിലാണുള്ളത്, വേണ്ട രീതിയില്‍ അറ്റകുറ്റപ്പണികളോ സംരക്ഷണമോ നല്‍കാതെയാണ് പല പാലങ്ങളും നിലനില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് എലിഫന്‍സണ്‍ റോഡ് പാലത്തില്‍ തിക്കിലും തിരക്കിലും പെട്ട് ഇരുപത്തിമൂന്ന് ജീവന്‍ നഷ്ടമായത്. കനത്ത മഴ കാരണം ആളുകള്‍ ചെറിയ ബ്രിഡ്ജിലേക്കു ഇരച്ചുകയറിയാണ് അപകടമുണ്ടായതെന്നാണ് അധികാരികള്‍ പറയുന്നത്. മഴക്ക് മുന്‍പെ എല്ലാ മുന്‍കരുതലുകളും എടുക്കാറുണ്ടെന്ന മുന്‍സിപ്പാലിറ്റിയുടെ വാദവും പൊളിഞ്ഞു വീഴുന്നതായാണ് കുറെ വര്‍ഷങ്ങളായികാണുന്നത്. മഴക്കാല അപകടങ്ങള്‍ മുംബയില്‍ പതിവ് കാഴ്ചയാകുകയാണിപ്പോള്‍. ജനങ്ങളുടെ ഇടയില്‍ നിന്ന് വലിയ പ്രതിഷേധങ്ങള്‍ ഈ വീഴ്ചകള്‍ക്കെതിരെ ഉയര്‍ന്നുവരുന്നുണ്ട്.  

03-Jul-2018