അറുന്നൂറോളം കെട്ടിടങ്ങള്‍ക്കാണ് വിള്ളലുകള്‍ വീണത്

ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ വിള്ളലുണ്ടായ കെട്ടിടങ്ങള്‍ പൊളിക്കാനുള്ള നടപടികള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി നാലായിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. വിള്ളല്‍ വന്നവയുടെ സമീപത്തുള്ള കെട്ടിടങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടി. അറുന്നൂറോളം കെട്ടിടങ്ങള്‍ക്കാണ് വിള്ളലുകള്‍ വീണത്.

മലരി ഇന്‍, മൗണ്ട് വ്യൂ എന്നീ ഹോട്ടലുകളും കേടുപാടുകള്‍ സംഭവിച്ച വീടുകളുമാണ് പൊളിച്ചു നീക്കുന്നത്.സെന്‍ട്രല്‍ ബില്‍ഡിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (സി.ബി.ആര്‍.ഐ) ഒരു സംഘത്തിന്റെ മേല്‍നോട്ടത്തിലാണ് പൊളിക്കുക. അവരെ സഹായിക്കാന്‍ ദേശീയ ദുരന്ത നിവാരണ സേനയെ (എന്‍.ഡി.ആര്‍.എഫ്) വിളിച്ചിട്ടുണ്ട്.

ഭൂമി ഇടിഞ്ഞു താഴ്ന്നതു മൂലം ജനജീവിതം ദുസ്സഹമായിരിക്കുകയാണ് ജോഷിമഠില്‍. പ്രദേശത്തെ ഡെയ്ഞ്ചര്‍, ബഫര്‍, സമ്പൂര്‍ണ സുരക്ഷിതം എന്നിങ്ങനെ മൂന്ന് സോണായി തരംതിരിച്ചിട്ടുണ്ട്.
പ്രദേശത്തെ 30 ശതമാനം പേരെ ദുരിതം ബാധിച്ചു.

 വിദഗ്ധ സമിതി റിപ്പോര്‍ട്ട് തയ്യാറാക്കി വരികയാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസില്‍ സമര്‍പ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കുന്നുണ്ടെന്നും ചമോലി ജില്ലാ കലക്റ്റര്‍ ഹിമാന്‍ഷു ഖുറാന പറഞ്ഞു.

അതേസമയം,ജോഷിമഠില്‍ ഭൂമി ഇടിഞ്ഞുതാഴുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ പ്രശ്‌നങ്ങളും സുപ്രീം കോടതിക്കു മുന്നില്‍ എത്തേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. അവയെല്ലാം പരിശോധിക്കാന്‍ ജനാധിപത്യപരമായ സംവിധാനങ്ങളുണ്ടെന്നു പറഞ്ഞ കോടതി ഹര്‍ജി ജനുവരി 16നു പരിഗണിക്കാന്‍ മാറ്റി.

ഇക്കാര്യത്തില്‍ ഇടപെടാന്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സംവിധാനങ്ങള്‍ ഉണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് പറഞ്ഞു.സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതിയാണ് ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. പ്രതിസന്ധിയിലായ ജനങ്ങള്‍ക്ക് അടിയന്തര ആശ്വാസമെത്തിക്കാന്‍ കോടതി ഇടപെടല്‍ തേടിയാണ് ഹര്‍ജി.

10-Jan-2023