കേരളം എങ്ങനെ പിന്നിലാകുന്നത്‌ എന്നത് അറിയാവുന്നത് മനോരമക്ക്‌ മാത്രമായിരിക്കും

ഭക്ഷ്യസുരക്ഷാ പരിശോധനയിൽ കേരളത്തെ പിന്നിലാക്കാൻ ‘ഔദ്യോഗിക രേഖകൾ തിരുത്തി’ മനോരമ. കേരളം പിന്നിലാണെന്ന്‌ വരുത്താനാണ്‌ രേഖയിലെ റാങ്കും മാർക്കും തിരുത്തി മലയാള മനോരമ   "റാങ്കിങ്ങിൽ കേരളം പിന്നിൽ, ഏഴാമത്’ എന്ന തലക്കെട്ടിൽ തിങ്കളാഴ്‌ച വാർത്ത നൽകിയത്. സംസ്ഥാനത്തിന്‌ തുടർ അംഗീകാരങ്ങൾ  കിട്ടുന്നതിനിടെയാണ്‌ 2021 ജൂണിലെ ഫുഡ് സേഫ്റ്റി ആൻഡ് സ്‌റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) റിപ്പോർട്ട്‌ പുതിയ കാര്യമാക്കി അവതരിപ്പിച്ചത്. വലുതും ചെറുതുമായ സംസ്ഥാനങ്ങൾക്ക്‌ പ്രത്യേക റാങ്ക് പട്ടികയാണ് എഫ്എസ്എസ്എഐ തയാറാക്കിയത്. വലിയ 17 സംസ്ഥാനങ്ങളുടെ പട്ടികയിൽ 57 പോയിന്റുള്ള കേരളത്തിന്  ആറാം റാങ്ക്‌.

അഞ്ചാം സ്ഥാനത്ത് പശ്ചിമ ബംഗാളും മധ്യപ്രദേശും. 58.5 പോയിന്റ്‌ വീതം. എന്നാൽ, ‘മനോരമയുടെ പട്ടിക’ പശ്ചിമ ബംഗാളിന് 58.6 പോയിന്റാക്കി. അങ്ങനെ ദേശീയതലത്തിൽ ആറാം റാങ്കിനെ ഏഴിലേക്ക്‌ ‘തരംതാഴ്‌ത്തി’.

പോയിന്റ്‌ നിശ്ചയിക്കാനെടുത്ത മാനദണ്ഡങ്ങളിൽ മൂന്നാമത്തേത് ഭക്ഷ്യസുരക്ഷ  പരിശോധനാകേന്ദ്രങ്ങളുടെയും മറ്റും കാര്യക്ഷമതയാണ്. അതിൽ 19 മാർക്കോടെ കേരളം ഒന്നാമതാണ്. അതാവട്ടെ മനോരമ മുക്കി. 28 സംസ്ഥാനവും എട്ട്‌ കേന്ദ്രഭരണ പ്രദേശവുമുള്ള രാജ്യത്ത് റാങ്ക് ആറായാലും ഏഴായാലും കേരളം എങ്ങനെ പിന്നിലാകുന്നത്‌ എന്നത് അറിയാവുന്നത് മനോരമക്ക്‌ മാത്രമായിരിക്കും.

11-Jan-2023