രണ്ടാം എപ്പിസോഡ്‌ 24ന്‌ പുറത്തുവരും

ഗുജറാത്ത്‌ വംശഹത്യയുടെ പ്രധാന ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയെന്ന്‌ ആവർത്തിച്ച്‌ ബിബിസി. ‘ഇന്ത്യ: ദ മോദി ക്വസ്‌റ്റ്യൻ (ഇന്ത്യ: മോദി എന്ന ചോദ്യം) ഡോക്യുമെന്ററി പരമ്പര ഉന്നതമായ എഡിറ്റോറിയൽ മൂല്യങ്ങളിലൂന്നി കൃത്യമായ ഗവേഷണത്തിനുശേഷം തയ്യാറാക്കിയതാണെന്ന്‌ ബിബിസി ആവർത്തിച്ചു. വംശഹത്യയെക്കുറിച്ച്‌ ബ്രിട്ടീഷ്‌ സർക്കാർ നടത്തിയ അന്വേഷണത്തിന്റെ പുറത്തുവിട്ടിട്ടില്ലാത്ത റിപ്പോർട്ടിനെ അധികരിച്ചാണ്‌ ഡോക്യുമെന്ററി. ഡോക്യുമെന്ററി അപവാദപ്രചാരണമാണെന്ന ഇന്ത്യയുടെ നിലപാടിനെയും മോദിയെ പരോക്ഷമായി പിന്തുണച്ച ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഋഷി സുനകിനെയും തള്ളിയാണ്‌ ബ്രിട്ടീഷ്‌ സർക്കാരിന്‌ കീഴിലുള്ള ബിബിസി നിലപാട്‌ വ്യക്തമാക്കിയത്‌.

ആയിരങ്ങൾക്ക്‌ ജീവന്‍ നഷ്ടമായ 2002ലെ വംശഹത്യയിൽ അന്ന്‌ ഗുജറാത്ത്‌ മുഖ്യമന്ത്രിയായിരുന്ന മോദിക്ക്‌ അറിവുണ്ടായിരുന്നുവെന്നതിന്റെ തെളിവുകളും രേഖകളും ബ്രിട്ടീഷ്‌ സർക്കാരിന്റെ പക്കലുണ്ടായിരുന്നുവെന്ന്‌ ഡോക്യുമെന്ററി ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ ഹിന്ദു ഭൂരിപക്ഷവും മുസ്ലിം ന്യൂനപക്ഷവും തമ്മിലുള്ള സംഘർഷവും അതിൽ മോദിയുടെ രാഷ്‌ട്രീയ പങ്കാളിത്തവുമാണ്‌ പരിശോധിച്ചതെന്ന്‌ ബിബിസി വക്താവ്‌ പറഞ്ഞു. വ്യത്യസ്‌ത പ്രതികരണങ്ങൾ, ദൃക്‌സാക്ഷികൾ, വിദഗ്‌ധർ, ബിജെപി പ്രവർത്തകർ തുടങ്ങിയവരിൽനിന്ന്‌ അഭിപ്രായം തേടിയുമാണ്‌ ഡോക്യുമെന്ററി തയ്യാറാക്കിയത്‌.  ഇന്ത്യൻ സർക്കാരിന്‌ പ്രതികരിക്കാൻ അവസരം നൽകിയെങ്കിലും അവർ അത്‌ നിഷേധിച്ചെന്നും പ്രസ്‌താവനയിലുണ്ട്‌.

ഡോക്യുമെന്ററിയിലെ ഗുരുതര കണ്ടെത്തൽ ചൂണ്ടിക്കാട്ടി ബ്രിട്ടീഷ്‌ പ്രതിപക്ഷ ലേബർ പാർടി എംപിയും പാക്‌ വംശജനുമായ ഇമ്രാം ഹുസൈനാണ്‌ വിഷയം സഭയിൽ ഉന്നയിച്ചത്‌. മോദിയെ ചിത്രീകരിച്ച രീതി അംഗീകരിക്കാനാകില്ലെന്ന്‌ ഋഷി സുനക്‌ പ്രതികരിച്ചു. ഹിംസയെ അംഗീകരിക്കില്ലെന്നും വിഷയത്തിലെ ബ്രിട്ടന്റെ ദീർഘകാല നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡോക്യുമെന്ററി പക്ഷപാതപരവും അപവാദപരവും കൊളോണിയൽ ചിന്താഗതിയിലുള്ളതാണെന്നും ഇന്ത്യൻ വിദേശമന്ത്രാലയം പ്രതികരിച്ചിരുന്നു.

ഇരകളെ സംരക്ഷിച്ചില്ല, നീതികിട്ടിയില്ല


ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ മുസ്ലിങ്ങളായതുകൊണ്ടുമാത്രം പൗരർ കൂട്ടക്കൊല ചെയ്യപ്പെട്ടെന്ന്‌ ഡോക്യുമെന്ററി ചൂണ്ടിക്കാട്ടുന്നെന്നാണ്‌ റിപ്പോർട്ടുകൾ. മുഖ്യമന്ത്രിയായിരുന്ന മോദി അക്രമം തടയാൻ ശ്രമിച്ചില്ല, പൊലീസിനെ കാര്യക്ഷമമായി ഉപയോഗിച്ചില്ല, ഇരകളെ സംരക്ഷിച്ചില്ല, ഇരകൾക്ക്‌ നീതികിട്ടിയില്ല–-ഡോക്യുമെന്ററി പറയുന്നു.  രണ്ട്‌ ഭാഗമുള്ള പരമ്പരയിലെ ആദ്യ എപ്പിസോഡാണ്‌ ചൊവ്വാഴ്‌ച ബിബിസി സംപ്രേഷണം ചെയ്‌തത്‌. രണ്ടാം എപ്പിസോഡ്‌ 24ന്‌ പുറത്തുവരും. ഇവ ഇന്ത്യയിൽ ലഭ്യമല്ല.

21-Jan-2023