ഇന്ത്യയിലെ ആദ്യ വാട്ടർ മെട്രോ - കൊച്ചി വാട്ടര്‍ മെട്രോ നാടിന് സമര്‍പ്പിച്ചു

കേരളത്തിന്റെ അഭിമാന പദ്ധതികളായ കൊച്ചി വാട്ടർ മെട്രോയുടെ ഉദ്ഘാടനവും ഡിജിറ്റൽ സയൻസ് പാർക്കിന്റെ ശിലാസ്ഥാപനവും, വിവിധ റെയിൽവേ പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി തിരുവനന്തപുരത്തു നിർവഹിച്ചു 
 

കേരളം ലോക  നിലവാരത്തിലേക്ക് ഉയരുന്നതിന്റെ മറ്റൊരു ഘട്ടമാണിത്. 1136.83 കോടി രൂപയുടെ പദ്ധതിയാണ് കൊച്ചി വാട്ടര്‍ മെട്രോ. കേരള സര്‍ക്കാരും ജര്‍മന്‍ ഫണ്ടിംഗ് ഏജന്‍സിയും ചേര്‍ന്നാണ് പൂര്‍ണ്ണമായും ഇതിനാവശ്യമായ ഫണ്ട് സമാഹരിച്ചിട്ടുള്ളത്. സാധാരണ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്ന പദ്ധതിയാണിത്. പൂർണമായും തദ്ദേശീയമായി നിർമ്മിച്ച ബോട്ടുകളാണ് കൊച്ചി വാട്ടർ മെട്രോയിൽ സർവീസ് നടത്തുക 

ഇടതുപക്ഷ ജനാധിപത്യ മുന്നണി 2021ൽ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ഘട്ടത്തിൽ പുറത്തിറക്കിയ പ്രകടന പത്രികയിൽ 'ജലഗതാഗതം-ബദൽപാത' വിഭാഗത്തിൽ ജനങ്ങൾക്ക് കൊടുത്ത വാഗ്ദാനമാണ് കൊച്ചി വാട്ടർമെട്രോ പദ്ധതി.

സംസ്ഥാന സർക്കാരിന്റെ സ്വപ്നപദ്ധതിയായ കൊച്ചി വാട്ടർ മെട്രോയിൽ ഏപ്രിൽ 26 മുതൽ പൊതുജനങ്ങൾക്ക് യാത്ര ചെയ്യാൻ സാധിക്കും. ഹെെക്കോർട്ട് ടെർമിനലിൽനിന്ന് വെെപ്പിനിലേക്കും തിരിച്ചുമാണ് ആദ്യ സർവീസ്. വെെറ്റില–കാക്കനാട് റൂട്ടിലുള്ള സർവീസ് ഏപ്രിൽ 27 മുതൽ ആരംഭിക്കും. ആദ്യഘട്ടത്തിൽ രാവിലെ ഏഴുമുതൽ രാത്രി എട്ടുവരെയാണ് സർവീസ് നടത്തുന്നത്. തിരക്കുള്ള സമയങ്ങളിൽ 15 മിനിറ്റ് ഇടവേളയിൽ ഹെെക്കോർട്ട്–വെെപ്പിൻ റൂട്ടിൽ സർവീസുണ്ടാകും. യാത്രക്കാരുടെ എണ്ണം പരിശോധിച്ചാണ് സമയം നിജപ്പെടുത്തുക

26-Apr-2023