മലയാള സിനിമയിലെ കോഴിക്കോടൻ ചിരി മാഞ്ഞു - മാമുക്കോയ വിടവാങ്ങി

ഹാസ്യ നടനായും സ്വഭാവ നടനായും  നിരവധി അവിസ്മരണീയ വേഷങ്ങൾ മലയാളിയ്ക്ക് സമ്മാനിച്ച നടൻ മാമുക്കോയ വിടവാങ്ങി. 43 വർഷത്തെ അഭിനയ ജീവിതത്തിൽ 500 ലധികം സിനിമകളിലാണ് മാമുക്കോയ വേഷമിട്ടത്. 

മലപ്പുറം പൂങ്ങോട് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അദ്ദേഹത്തെ, ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച മലപ്പുറത്തെ വണ്ടൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിൽസയിലിരിക്കെ ഇന്ന് ഉച്ചയ്ക്ക് 1.05 നായിരുന്നു അന്ത്യം. ഹൃദയാഘാതത്തിന് പുറമേ തലച്ചോറില്‍ രക്തസ്രാവവും ഉണ്ടായതോടെയാണ് ആരോഗ്യനില വഷളായത്

നാടകത്തിലൂടെ സിനിമയിലെത്തി തനത് അഭിനയ ശൈലി കൊണ്ടും കോഴിക്കോടൻ ഭാഷയാലും മലയാളികളുടെ മനസ്സിൽ  ചിരപ്രതിഷ്ഠ നേടിയ കലാകാരനാണ് മാമുക്കോയ. കല്ലായിലെ തടി അളവുകാരനായും രാത്രിയിൽ അമച്വർ നാടകക്കാരനായും ജീവിതം തുടങ്ങിയ മാമുക്കോയ 1979 ഇൽ അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെ സിനിമയിലെത്തുകയായിരുന്നു. 

ഇന്നത്തെ ചിന്താവിഷയം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ഹാസ്യ നടനുള്ള 2008 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിരുന്നു. 

26-Apr-2023