വീടുകളിൽ എത്തിയുള്ള സൗജന്യ ഡയാലിസിസ് ; പദ്ധതി എല്ലാ ജില്ലകളിലും
അഡ്മിൻ
തിരുവനന്തപുരം: ആശുപത്രികളിൽ എത്താതെ രോഗിക്ക് വീട്ടിൽത്തന്നെ സൗജന്യമായി ഡയാലിസിസ് ചെയ്യാനാകുന്ന പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി എല്ലാ ജില്ലകളിലും. രണ്ടാം പിണറായി സർക്കാർ ആദ്യ വർഷം 11 ജില്ലയിൽ തുടക്കമിട്ട പദ്ധതിയാണ് രണ്ടാം വാർഷികാഘോഷത്തിൽ ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളിലേക്കും വ്യാപിപ്പിച്ചത്.
ജില്ലകളിലെ ഒരു പ്രധാന ആശുപത്രിയിലാണ് ഇതിന് സംവിധാനം ഏർപ്പെടുത്തിയത്. രജിസ്റ്റർചെയ്ത രോഗികൾക്ക് പെരിറ്റോണിയൽ ഡയാലിസിസിന് ആവശ്യമായ ഡയാലിസിസ് ഫ്‌ളൂയിഡ്, കത്തീറ്റർ, അനുബന്ധ സാമഗ്രികൾ എന്നിവ ആശുപത്രികളിൽനിന്ന് സൗജന്യമായി ലഭിക്കും. സംസ്ഥാനത്ത് 102 ആശുപത്രിയിലും 10 മെഡിക്കൽ കോളേജുകളിലുമുൾപ്പെടെ മാസത്തിൽ അരലക്ഷം രോഗികൾക്ക് ഡയാലിസിസ് ചെയ്യുന്നുണ്ട്. ഹീമോ ഡയാലിസിസ് ചെലവേറിയതും ആശുപത്രികളിൽമാത്രം ചെയ്യാനാകുന്നതുമാണ്. ഇടവിട്ടുള്ള ദിവസങ്ങളിൽ ആശുപത്രിയിൽ പോയിയും കാത്തിരിക്കേണ്ടിവരുന്നതിന് പരിഹാരമായാണ് പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.
പെരിറ്റോണിയൽ ഡയാലിസിസ് ഡയാലിസിസ് മെഷീനിലൂടെ രക്തം കടത്തിവിട്ട് ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് ഹീമോ ഡയാലിസിസ്. രോഗിയുടെ ഉദരത്തിൽ സുഷിരമുണ്ടാക്കി അതിലൂടെ കത്തീറ്റർ കടത്തിവിട്ട് ഉദരത്തിനുള്ളിൽ (പെരിറ്റോണിയം) പെരിറ്റോണിയൽ ഡയാലിസിസ് ദ്രാവകം നിറയ്‌ക്കുന്നതാണ് പെരിറ്റോണിയൽ ഡയാലിസിസിൽ. ഒരിക്കൽ കത്തീറ്റർ പ്രവേശിപ്പിച്ചാൽ പിന്നീട് രോഗിക്ക് തന്നെ ഡയാലിസിസ് ദ്രാവകം ഈ കത്തീറ്ററിലൂടെ നിറയ്ക്കാനാകും.
സേവനം ലഭിക്കുന്ന ആശുപത്രികൾ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കാസർകോട് ജനറൽ ആശുപത്രികൾ. കൊല്ലം, ഇടുക്കി തൊടുപുഴ, പാലക്കാട്, മലപ്പുറം തിരൂർ, വയനാട് മാനന്തവാടി, കണ്ണൂർ ജില്ലാ ആശുപത്രികൾ.