ചെഗുവേരയെ പിടികൂടിയ ബൊളീവിയൻ ജനറൽ അന്തരിച്ചു

ക്യൂബൻ വിപ്ലവകാരി ഏണസ്റ്റ ചെഗുവേരയെ പിടികൂടിയ ബൊളീവിയൻ ജനറൽ ഗാരി പ്രാഡോ സൈമൺ (84) അന്തരിച്ചു.1967-ലാണ് ഗാരി പ്രാഡോ സാൽമൺ ബൊളീവിയയിൽ ചെഗുവേര സംഘടിപ്പിച്ച കമ്മ്യൂണിസ്റ്റ് വിപ്ലവ നീക്കത്തെ പരാജയപ്പെടുത്തിയത്. അമേരിക്കൻ രഹസ്യാന്വേഷണ ഏജന്റുമാരുടെ പിന്തുണയോടെ ഒരു സൈനിക നടപടിയിലൂടെയായിരുന്നു ചെ​ഗുവേരയെ ഗാരി പ്രാഡോ സൈമൺ പിടികൂടിയത്.

ചെ ഗുവേരയെ അറസ്റ്റ് ചെയ്ത് ഒരു ദിവസം കഴിഞ്ഞ് അദ്ദേഹത്തെ വധിക്കുകയായിരുന്നു. ചെഗുവേരയെ വെടിവച്ചു കൊന്ന ബൊളീവിയൻ ഉദ്യോഗസ്ഥൻ മരിയോ ടെറാൻ കഴിഞ്ഞ വർഷമാണ് മരിച്ചത്.
1981 മുതൽ ജനറൽ പ്രാഡോയുടെ ജീവിതം ഒരു വീൽചെയറിലായിരുന്നു. ഒരു ബുള്ളറ്റ് അബദ്ധത്തിൽ നട്ടെല്ലിൽ തട്ടിയതോടെയാണ് അദ്ദേഹത്തിന്റെ പകുതി ശരീരം തളർന്ന് പോയത്.

1967 ലെ തന്റെ വിജയത്തെക്കുറിച്ച് അദ്ദേഹം ഒരു പുസ്തകം എഴുതിയിട്ടുണ്ട്. ഞാൻ ചെയെ എങ്ങനെ പിടികൂടി എന്നാണ് ആ പുസ്തകത്തിന്റെ പേര്. അക്കാലത്ത് ബൊളീവിയയിൽ ഭരണം നടത്തിയിരുന്ന വലതുപക്ഷ സൈനിക ഗവൺമെന്റിനെ അട്ടിമറിക്കുകയായിരുന്നു ചെ​ഗുവേരയുടെ ലക്ഷ്യം. അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള ശീതയുദ്ധം അതിന്റെ മൂർദ്ധന്യാവസ്ഥയിലായിരുന്നു.

ചെഗുവേരയുടെ പ്രവർത്തനങ്ങൾ ഉൾപ്പെടെ ലാറ്റിനമേരിക്കയിലെ കമ്മ്യൂണിസ്റ്റ് സ്വാധീനത്തെക്കുറിച്ച് വാഷിംഗ്ടൺ അങ്ങേയറ്റം ആശങ്കാകുലരായിരുന്നു. 1959 ലെ വിപ്ലവത്തിന്റെ വിജയത്തിന് ശേഷം അദ്ദേഹം ക്യൂബ വിട്ട് മറ്റ് രാജ്യങ്ങളിലെ ഗറില്ലാ പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകി. ക്യൂബൻ കമ്മ്യൂണിസ്റ്റ് നേതാവ് ഫിഡൽ കാസ്ട്രോയുടെ ഏറ്റവുമടുത്ത സഖാവായിരുന്ന ചെ ലോകമെമ്പാടുമുള്ള കമ്മ്യൂണിസ്റ്റുകളുടെ നായകനായി മാറി.

യുഎസ് സേനയുടെ പിന്തുണയോടെയായിരുന്നു ബൊളീവിയൻ സേന ചെഗുവേരയ്ക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയത്. യുഎസിന്റെ ഗ്രീൻ ബെററ്റ്സ് എന്ന പ്രത്യേക സൈനിക സംഘം ബൊളീവിയൻ സൈന്യത്തെ പരിശീലിപ്പിക്കാനായി ഉണ്ടായിരുന്നു. ലാറ്റിനമേരിക്കയിലെ വിപ്ലവകാരികളും വിപ്ലവ പ്രസ്ഥാനങ്ങളും സോവിയറ്റ് യൂണിയനുമായുളള ചങ്ങാത്തത്തിനു വഴിയൊരുക്കുമോയെന്ന് യുഎസ് ഭയന്നിരുന്നു.

1967 ഒക്ടോബർ ഏഴിനാണ് ചെഗുവേര സൈന്യത്തിന്റെ പിടിയിലായത്. 39 വയസ്സായിരുന്നു അന്ന് അദ്ദേഹത്തിനു പ്രായം. വധിച്ചശേഷം ചെഗവാരയുടെ ശരീരം അജ്ഞാത സ്ഥലത്തെ കുഴിമാടത്തിൽ അടക്കി. എന്നാൽ 1997ൽ ഇതു കണ്ടെത്തുകയും ഭൗതിക ശരീരം ക്യൂബയിലേക്കു തിരികെ അയയ്ക്കുകയും ചെയ്തു.‌

1928ൽ അർജന്റീനയിലെ റൊസാരിയോയിലാണ് ചെഗുവേര ജനിച്ചത്. ബ്യൂനസ് ഐറിസ് സർവകലാശാലയിൽ മെഡിക്കൽ പഠനത്തിനിടെ തെക്കൻ അമേരിക്കയിൽ നടത്തിയ മോട്ടർ സൈക്കിൾ യാത്ര വിപ്ലവപ്രസ്ഥാനങ്ങളിലേക്ക് അദ്ദേഹത്തെ അടുപ്പിച്ചു. 1953ൽ അദ്ദേഹം മെഡിക്കൽ പഠനം പൂർത്തിയാക്കി. പിൽക്കാലത്ത് ക്യൂബൻ വിപ്ലവകാരി ഫിഡൽ കാസ്ട്രോയുമായി അദ്ദേഹം ചങ്ങാത്തത്തിലായി. 1959ൽ ഏകാധിപതിയായിരുന്ന ബാറ്റിസ്റ്റയിൽ നിന്ന് കാസ്ട്രോ അധികാരം നേടിയതിൽ നിർണായകമായ ഒരു പങ്ക് ചെഗുവേര വഹിച്ചു.

09-May-2023